കൊച്ചി: മലയാളിയുടെ സംഗീത സംസ്‌കാരത്തിലേക്ക് തേന്മഴപോലെ ഒട്ടനേകം നാടകഗാനങ്ങളും ലളിതഗാനങ്ങളും ഒരു പിടി സിനിമാഗാനങ്ങളും പെയ്തുകുളിര്‍പ്പിച്ച മികച്ച ഗായകന്‍ ആയിരുന്നു തോപ്പില്‍ ആന്‍േറാ. അരനൂറ്റാണ്ടിലേറെ നീളുന്ന അരങ്ങിലെ ജീവിതം തന്‍േറതുമാത്രമായ ഗാനാവതരണ ശൈലികൊണ്ട് സാധാരണക്കാരായ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മധുരിക്കും ഓര്‍മകളെ, കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം… തുടങ്ങിയവയെല്ലാം സ്‌റ്റേജ് ഷോകളിലെ ആന്‍േറായുടെ ഹിറ്റ് ഗാനങ്ങളായിരുന്നു. പുതുതലമുറയുടെ കരോക്കെ ഗാനമേളയോട് താല്‍പര്യമില്ലായിരുന്ന ആന്‍േറാക്ക് സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ പാട്ടുപാടാനായിരുന്നു താല്‍പര്യം.
ബാല്യം മുതല്‍ക്കുതന്നെ നല്ല സംഗീതവാസന ഉണ്ടായിരുന്നെങ്കിലും സാമ്പത്തികപ്രയാസം അനുഭവിച്ചിരുന്ന കുടുംബമായിരുന്നതിനാല്‍ ശാസ്ത്രീയമായി അഭ്യസിക്കാനുള്ള അവസരം ലഭിച്ചില്ല. തൊട്ടടുത്ത ഒരു സമ്പന്ന കുടുംബത്തിലെ ഗ്രാമഫോണില്‍നിന്ന് ഒഴുകിയെത്തിയിരുന്ന പഴയ ഹിന്ദിഗാനങ്ങള്‍ കേട്ടുപഠിച്ചതായിരുന്നു അദ്ദേഹത്തിന്റെ സംഗീതവിദ്യാഭ്യാസം എന്നുതന്നെ പറയാം. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ എല്ലാ സംഗീതപരിപാടികളിലും പങ്കെടുക്കുമായിരുന്നു.
ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. ജീവിക്കാനായി മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതനായെങ്കിലും മനസ്സിലാകെ സംഗീതം മാത്രമായിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം.