കൊച്ചി: മലയാള സിനിമയിലെ താരസംഘടനയാ ‘അമ്മ’ മാഫിയ സംഘത്തിനും അപ്പുറമാണെന്ന് നടന്‍ ഷമ്മി തിലകന്‍ തുറന്നടിക്കുന്നു. നേരത്തെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തന്നെ എത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനിടെ നടന്ന കാര്യങ്ങളല്ല പുറത്ത് അറിഞ്ഞിരിക്കുന്നതെന്ന് പറയുകയാണ് ഷമ്മി തിലകന്‍.
ആദ്യമേ പറഞ്ഞ് ഉറപ്പിച്ച പ്രകാരമാണ് എല്ലാം നടന്നതെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദേശ പത്രിക ഡിക്ലറേഷനില്‍ എന്റെ ഒപ്പില്ലെന്ന കാരണമായിരുന്നു അത് തള്ളാനായി അവര്‍ പറഞ്ഞത്. ശരിക്കുമുള്ള കാരണം അതൊന്നുമല്ല. അവര്‍ എന്റെ നാമനിര്‍ദേശ പത്രിക തള്ളണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആ സമയത്ത് തന്നെ എന്റെ പക്കല്‍ നിന്നും ഒരു കൈയ്യബദ്ധം പറ്റി.
ഞാന്‍ മൂന്ന് നോമിനേഷന്‍ നല്‍കിയിരുന്നു. ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇതില്‍ ഒന്നില്‍ മാത്രമേ മത്സരിക്കാനാവൂ. അത് ഒന്‍പതാം തീയതിക്കുള്ളില്‍ മാത്രം തീരുമാനിച്ചാല്‍ മതി. ഈ നാമനിര്‍ദേശ പത്രിക തള്ളി പോയതോടെ ഇടവേള ബാബു ഐകകണ്ഠ്യേന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇടവേള ബാബുവിനോട് എനിക്ക് വ്യക്തിപരമായി യാതൊരു വിയോജിപ്പുമില്ല.
1997ല്‍ ഇതേ ഇടവേള ബാബുവിന് വേണ്ടി അമ്മയില്‍ ഞാന്‍ സംസാരിച്ചിരുന്നു. അന്ന് ഇടവേള ബാബുവിന് വോട്ടധികാരം പോലുമില്ലായിരുന്നു. എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നായിരുന്നു എന്റെ ആവശ്യം. ഇത്തവണ നാമനിര്‍ദേശം നല്‍കിയത് തന്നെ അമ്മ എന്ന സംഘടന ജനാധിപത്യപരമാകണം എന്ന ഉദ്ദേശത്തോടെയായിരുന്നു. എന്റെ നോമിനേഷന്‍ തള്ളിയത് അവര്‍ മനപ്പൂര്‍വം എടുത്ത തീരുമാനമാണ്.
ഞാന്‍ പലരെയും ഫോണില്‍ വിളിച്ചപ്പോള്‍, അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്നൊക്കെയാണ് സംസാരം. ഞാന്‍ ഒപ്പിടാന്‍ വന്നപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്നേഹത്തോടെ ഷമ്മി ഒരു റിബല്‍ അല്ലേ എന്നാണ് ചോദിച്ചത്. അവസാന തിയതി ഡിസംബര്‍ മൂന്ന് വരെയായിരുന്നു. എന്നാല്‍ രണ്ടാം തിയതി വരെ എന്നെ ഇവര്‍ വട്ടു കളിപ്പിച്ചു. മോഹന്‍ലാല്‍ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങല്‍ ഉന്നയിക്കണം എന്ന് പറഞ്ഞത്.
സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധയുടെ അളവിനെ കുറിച്ച് തല്‍ക്കാലം ഞാനൊന്നും പറയുന്നില്ല. എന്നാല്‍ ഞാന്‍ അമ്മയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട പല രേഖകളും വിവരാവകാശ നിയമം പ്രകാരം ഞാന്‍ പരിശോധിച്ചു. അമ്മയുടെ ഓഫീസില്‍ നിന്നല്ല എനിക്ക് ആ രേഖകള്‍ ലഭിച്ചത്. ഞാന്‍ ചോദിച്ച രേഖകള്‍ എനിക്ക് നല്‍കേണ്ട എന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി പറഞ്ഞത്.
പിന്നീട് രജിസ്ട്രാര്‍ വഴിയാണ് രേഖകള്‍ ലഭിച്ചത്. അമ്മയുടെ പ്രവര്‍ത്തനം ഒട്ടും സുതാര്യമല്ല. അച്ഛന്‍ തിലകന്‍ പറഞ്ഞതിന് അപ്പുറമാണ് അമ്മ. അച്ഛന്‍ നേരത്തെ അമ്മ ഒരു മാഫിയ സംഘമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനും അപ്പുറമാണ് അമ്മയെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ട്രഷറര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സിദ്ദീഖും ജയസൂര്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ ഭരണസമിതിയില്‍ ജയസൂര്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിദ്ദീഖ് ജോയിന്റെ സെക്രട്ടറിയുമായിരുന്നു.