അനശ്വര നടൻെറ ചരമ വാർഷീകം ഫാനുകൾ ആദരാജ്വലിയോടെ സ്മരിക്കുന്ന ഈ വേളയിൽ അദ്ദേഹവുമൊത്തുള്ള ഒരു രസികരമായ ചെറിയോർമ്മ കണ്ണീരോടെ കാഴ്ച വയ്ക്കട്ടെ.
പ്രഥമ സന്ദർശനം
തൃശൂർ രാമനിലയത്തിൽ വച്ചാണ് ത്രിമൂർത്തികളുടെ കൂടിക്കാഴ്ച്ചക്ക് വേദിയൊരുങ്ങിയത്. പറഞ്ഞ സമയത്തു തന്നെ സ്ഥലത്ത് ഹാജ്ജറായി. കാരണം സംവിധായകൻ ഭരതൻ സാറ് വലിയ സമയ കണിശക്കാരനാണ്. എന്നാലദ്ദേഹം പുതിയേതോ പടത്തിൻെറ ലൊക്കേഷൻ തേടി പോയ നേരം. തിരക്കഥകൃത്തായ പത്മരാജനെയാണ് ഓൾ റൗണ്ടറായി നിയോഗിച്ചിരുന്നത്. ആകാശവാണി ന്യൂസ് വായിക്കുന്ന പോലത്തെ കൃത്യനിഷ്ഠയും പെരുമാറ്റ ഭംഗിയും ഭരതൻ സാറിനു മനസു പിടിച്ചിരിക്കും. പത്മേട്ടൻെറ അരുകിലൊരാൾ മസലു പിടിച്ചിരിപ്പുണ്ട്. കാര്യ പ്രസക്തിയുള്ള നടനെന്നു ഒറ്റ നോട്ടത്തിൽ ബോധ്യമായി. സീൻ പറഞ്ഞ് ഫലിപ്പിക്കലല്ല. രസിക്കയായിരുന്നു. പത്മേട്ടൻ ഹാസ്യത്തിനു ചൂടു പിടിപ്പിച്ച് കൂടെ കൂടെ കയ്യടിച്ചു. ചിരിച്ച് താമരത്തണ്ടായി കുഴയുന്നുണ്ട്. തെല്ലു ചെവിയോർത്തപ്പോൾ കാര്യം അസ്ലീലമെന്നു തോന്നി. പശുവിനെ കാളക്കൂറ്റനെ കൊണ്ട് ചവിട്ടിപ്പിക്കുന്ന സീൻ ‘തകര’ സിനിമയിലുണ്ട്. പത്മേട്ടൻ ഇന്വത്തിൽ മൊഴിഞ്ഞു. അതുപോലൊരു മഹാഭാഗ്യവാൻ എൻെറ അയൽപക്കത്തും ഉണ്ടായിരുന്നു. പുലർ കാലമായാൽ ഇണ മോങ്ങുന്ന പശുക്കളുടെ കയറ് പിടിച്ചെത്തുന്നവരുടെ വരിയാണ് കണി. അന്നൊരു സംശയം ഉടലെടുത്തിരുന്നു. പുല്ലും, പിണ്ണാക്കും തിന്നുന്ന പുല്ലിംഗത്തിനു എത്ര ചാടിക്കിതച്ചാലും ക്ഷീണവും തളർച്ചയും വരില്ലേന്ന്?. മൂപ്പന്മാരോട് ചോദിച്ചപ്പഴാണ് ഗുഡൻസ് പിടികിട്ടിയത്. പത്മേട്ടൻ താടി ഉഴിഞ്ഞു. ലഹരിയുടെ ജഗപൊഗ വിടാതെ ക്ലാപ്പടി. അപരിചിത നടന് സീൻ ബോറടിച്ചു. മതി ഉണ്ടച്ചുരുട്ട് വിസ്തരിച്ചതെന്ന വൈക്ലബ്യം. കണ്ണെറിഞ്ഞ് ആഗതർ ആരെന്നു തിരക്കി. ഉടനടി ചിരിക്ക് പാക്കപ്പ്. സോൾ ഗഡി. രണ്ടു പേരും? ചുമ്മ. ഈ ബാലമണിയോ? എല്ലാം കോഡു ഭാഷ. ഭൂതക്കണ്ണാടി വച്ച ഇത്തിരി പയ്യൻ നല്ല ഗുണ്ടു മണിയാണ് താനും. അന്നും (കലാഭവൻെറ മണിക്കു എട്ടൊന്വതു വയസ്സേ പ്രായമുള്ളൂ) ആള് നല്ല ഉഷാറാണ്. നിലത്തിട്ടാ തെറിക്കും. സിനിമാഭിനയം വെള്ളം ചേർക്കാത്ത ഹരം. സിനിമക്കാരെവിടെ തന്വടിച്ചോ പയ്യൻസ് വീട്ടുകാരെ കൂട്ടി സ്ഥലത്തെത്തും. വേഷം കെട്ടി ഫാഷൻ പരേഡിനു തുള്ളിച്ചാടാൻ. ചാൻസ് തേടിയുള്ള മരണ പരാക്രമം. അഭിനയം, പൊട്ടിച്ചിരി, നൃത്തം, പാട്ട്…. അങ്ങിനെ സിനിമക്കാരെ പ്രീണിപ്പിക്കുന്ന അടവുകൾ കലാപരിപാടികളായി ശരവേഗം അവതരിപ്പിക്കും. ആരേയും ചിരിപ്പിക്കുന്ന മോണേക്റ്റും ബഹുരസം. പിടിവാശി കാരണമാണ് അകത്തു കടക്കുന്വോൾ വൈമനസ്യത്തോടെ ഇളം കലാകാരനെ കൂടെ കൂട്ടിയത്.
വേണുഗോപാൽ. പത്മേട്ടൻ ക്ഷണവേഗം നടനെ പരിചയപ്പെടുത്തി. തകരയിലെ മെയിൻ ഹീറോയാണോ? ബാലൻ അത്ഭുതം കൂറി. ബാലമണി വിചാരിച്ചാൽ സൂപ്പർ സ്റ്റാറാകും. ബാലൻ ഏൿഷ്ൻ റിപ്ലേ പോലെ വേണുവിനു തംസപ് നീട്ടി. പിന്നെ അനുവാദം ചോദിക്കാതെ കലാപരിപാടി ആരംഭിച്ചു. കൂടെ മിമിക്രിയും വച്ചു പൂശി. നെടുമുടി വേണുവിന് അസ്സലായ ബാലലീലകൾ ഇഷ്ട ബോധിച്ചു. എണീറ്റ് ചെന്നു. കുന്വിട്ട് വാരി കെട്ടിപ്പിടിച്ചു. ഇക്കിളി കൂട്ടി. വാതോരാതെ അനുമോദിക്കലും. സ്വ മകനോടെന്ന വണ്ണം കൊഞ്ചിച്ചു ലാളിച്ചു. ഒടുവിൽ കരുമുട്ടിയെ പിടിച്ച് വാത്സല്യത്തിൽ മടിയിലും ഇരുത്തി.
ഇപ്പോൾ പത്മേട്ടൻ ഓഡർ ഓഡർ പറഞ്ഞു ശ്രദ്ധ തിരിപ്പിച്ചു. മാന്യമായ രീതിയിൽ നെടുമുടിയെ കാര്യം ഗ്രഹിപ്പിക്കയും. പീസ് കൊണ്ടു വന്നണ്ടോ? മിലിട്ടറി ഭാഷ ആവർത്തിച്ചു. കരുതിയ കടലാസെടുത്തു നിവർത്തി. പദ്യ പാരായണ ശൈലിക്കു തൊണ്ട ശുദ്ധം വരുത്തി. കവിയരങ്ങിലെന്ന മനോഭാവം ഉണ്ടാക്കി. ചൊല്ലലാരംഭിച്ചു.
ഞാൻ നുള്ളി വിളിച്ചപ്പോൾ
വിരിഞ്ഞ പൂവ്വേ
ഞാൻ നോക്കി ചിരിക്കുന്വോൾ
കൊഞ്ചിക്കുഴഞ്ഞാടും പൂവ്വേ
ഞാൻ നാണം മൂളി പാടുന്വോൾ
മയിലാടും പൂവ്വേ
നിന്നെയെൻ മാറിലിട്ടുമ്മ വയ്ക്കാൻ
ഈ പൊന്നും വളയിട്ട കൈകൾ
കൊണ്ടൂഞ്ഞാലാടാൻ
ഈ ജന്മം, വരും ജന്മം, വരും വരും ജന്മം
നിൻ കഴുത്തിൽ താലിക്കെട്ടിയെൻ-
സ്വന്തമാക്കാൻ ഒന്നു സമ്മതം മൂളുമോ?
ഒരു നൂറു നൂറു കവിതകളാരെഴുതി?
ഒരു നൂറു നൂറു പ്രണയലേഖനം കണ്ടെഴുതി
നൂറുനൂറിൽ നുരയും ലാവണ്യമേ
നിന്നെ കണ്ടു കണ്ടുകണ്ടങ്ങിനെ
മയങ്ങി നിൽക്കാൻ
ഈ ജന്മം, വരും ജന്മം, വരും വരും ജന്മം
നിൻ കഴുത്തിൽ താലിക്കെട്ടിയെൻ-
സ്വന്തമാക്കാൻ ഒന്നു സമ്മതം മൂളുമോ…….
വായു വലിക്കാൻ ഗ്യാപ്പിട്ടതും ബാലമണി കയ്യടി പാസാക്കി. അമിത സന്തോഷം പ്രകടിപ്പിക്കലുമായി. നിലത്തു തലകുത്തി വായുവിൽ സമ്മർ സോൾട്ടടിച്ചു കാട്ടി. ഉഗ്രനെന്ന വിവക്ഷ സിനിമക്കാരിലും തെളിഞ്ഞു.
വേണൂൻെറ ഓൾ & സോൾ കാവലം നാരായണ പണിക്കരുടെ വരികളുടെ ശീൽ. തുടത്താളം പിടിച്ചോ. വേഗം രാഗം ബൈഹാർട്ടാക്കീക്കോ. പത്മേട്ടൻ ഗൗരവസ്ഥനായി പുലന്വി. തനിക്കു മാച്ചാവുന്ന നല്ലൊരു ശബ്ദത്തിലീ വരികൾ റെക്കോഡ് ചെയ്തു വരും. ചെല്ലപ്പനാശ്ശാരി വേഷം ആശയക്കുഴപ്പത്തിലായി. പൊന്നിടുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യമെന്ന സ്വപ്ന ഭാവത്തിൽ. ഹീറോയിൻ സുരേഖയെ വളയ്ക്കാനുള്ള പങ്കപ്പാട് ചില്ലറയാണോ? പ്രതാപ് പോത്തനീ കൊയ്ത്തും കെട്ടും കാണാനും കേൾക്കാനും പാടില്ല. സല്ലാപം പരമരഹസ്യം. കവിത നീട്ടി പാടി കാമുകിയെ പാട്ടിലാക്കുന്ന വേണൂൻെറ കള്ള ലക്ഷണ ലുക്ക് കാണികൾ ബുക്കു ചെയ്യണം. വിശദീകരണം സമൃദ്ധമായ തൃപ്തി. കള്ളച്ചിരി നെടുമുടിക്ക് മേന്വൊടിയായി. തകരയിൽ ഈ പാട്ടിനു ഇടവും ശബ്ദവും കിട്ടിയില്ല. വഴിയെ പത്മേട്ടൻ തന്ന വിശദീകരണം ഇപ്രകാരമാണ്. ആശ തന്ന പോലെ ആ പാട്ട് റെക്കോഡ് ചെയ്യാൻ ഭരതനും ഞാനും കൊണ്ടു പിടിച്ച് ഉത്സാഹിക്കായ്കയില്ല. പടത്തിൻെറ ഷൂട്ടിംങ്ങ് ഒട്ടുമുക്കാലും തീർന്നിരുന്നു. പാക്കപ്പിനിടേ ഇനിയൊരു പാട്ട് ചെലവ് കുത്തിത്തിരുകാൻ നിർമ്മിതാവും വിസമ്മതിച്ചു. പുതുമുഖത്തെ പരിചയപ്പെടുത്താൻ ആരും വിമുഖത കാട്ടും. തൽക്കാലം ക്ഷമിക്കടോ. ഞാൻ സംവിധായകനയാൽ തീർച്ചയായും ചാൻസു തന്നിരിക്കും. പത്മേട്ടൻ വാക്കു പാലിക്കാഞ്ഞതല്ല. ജോലി തേടി ഞാൻ കുറ്റിയും പറിച്ചു ബോംബെക്ക് കൂടുവിട്ട് നാടുവിട്ടതാണ്. അതോടെ സിനിമാ കണൿഷൻസ് പാടെ ഡിസ്ക്കണക്റ്റായി.
നിർഭാഗ്യങ്ങളിൽ തെല്ലും കുണ്ഠിതമില്ല.
നടൻ നെടുമുടി വേണുവിനെ പ്രേക്ഷകർ തകരയിലൂടെ അനുഗ്രഹിച്ച് അംഗീകരിച്ചു. വളരെ നാളുകൾക്കു ശേഷം ബാലമണി കലാഭവൻ മണിയായി. തിരശ്ശീലക്കു മുതൽക്കൂട്ടായി. നെടുമുടിയും കലാഭവൻ മണിയും ധാരാളം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. മുഖാമുഖം നിന്ന് ബലവീരസ്യം കാട്ടി തകർത്തു. വില്ലാളി വീരന്മാരായി. കലാ ബഹുമതികൾ നേടി. ജനപ്രീതി വേണ്ടുവോളം പിടിച്ചു പറ്റി. കലാശ്രേണിയിലെ കണ്ണിലുണ്ണികളായി. വേഷം മാറി പ്രേക്ഷക സമൂഹത്തെ പിരിഞ്ഞു. ഒഴിഞ്ഞു പോവുകയും ചെയ്തു. പരലോകത്തും തനതായ അഭിനയം കാഴ്ച വയ്ക്കാൻ. ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. അവർ പരസ്പരം വീണ്ടും കണ്ടുമുട്ടാതിരിക്കില്ല. നെടുമുടി വേണുവിന് മണിയെ ബാലമണിയെന്നു അഭിസംബോധന ചെയ്യാനൊക്കില്ല. കാരണം അവിടെ സീനിയോറിറ്റി കലാഭവൻ മണിക്കാണ്!
ഓർമ്മൾക്ക് ആശയേകാൻ
ഒളിച്ചിറകുള്ള ഓളങ്ങൾ
ഓതാം. പാറിപ്പറക്കാൻ
ഓടി നടക്കാൻ ചിരകാല
ഒരനുഭവം ധാരാളം
ഔഷധം പോലെ!
–സി.എൽ. ജോയി-