തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളായ തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ തമിഴ് സിനിമാതാരം മന്‍സൂര്‍ അലിഖാന് കനത്ത തിരിച്ചടി.
ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലിഖാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രശസ്തിക്ക് വേണ്ടിയാണ് നടന്‍ കോടതിയെ സമീപിച്ചതെന്ന് കണ്ടെത്തിയ കോടതി നടന് പിഴയും വിധിച്ച് കേസ് തള്ളിയതായി അറിയിച്ചു.
ഒരുലക്ഷം രൂപയാണ് മൻസൂർ അലി ഖാൻ പിഴയായി നൽകേണ്ടത്. പണം അഡയാർ കാൻസർ സെന്ററിന് കൈമാറണമെന്നും നിർദേശമുണ്ട്.
മന്‍സൂര്‍ അലിഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടത് തൃഷയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്.
വിജയ് ചിത്രം ‘ലിയോ’ യുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരേ മൻസൂർ അലി ഖാൻ നടത്തിയ പരാമർശം വിവാദമായിരുന്നു.
‘ലിയോ’യിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരേ തൃഷ തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
പിന്നാലെ മൻസൂർ അലിഖാനെതിരേ സിനിമാ രംഗത്ത് നിന്ന് വ്യാപകപ്രതിഷേധമുയർന്നു. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവർ തൃഷയെ പിന്തുണച്ചെത്തി.
സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് താരം മാപ്പുപറഞ്ഞെങ്കിലും തൊട്ടുപിന്നാലെ മാനനഷ്ടക്കേസുമായി രംഗത്തെത്തുകയായിരുന്നു.