Monday, March 31, 2025

HomeCinema'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം പ്രഭയായ് നിനച്ചതെല്ലാം സംവിധായികയ്ക്ക്

‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം പ്രഭയായ് നിനച്ചതെല്ലാം സംവിധായികയ്ക്ക്

spot_img
spot_img

തിരുവനന്തപുരം: 29-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്‌കെ) സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പായല്‍ കപാഡിയക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. സിനിമയെ സമരായുധമാക്കിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

ആദ്യ സംവിധാന സംരംഭത്തിന് കാന്‍ മേളയില്‍ ഗ്രാന്റ് പ്രി നേടുന്ന ഏക ഇന്ത്യന്‍ സംവിധായികയാണ് ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’എന്ന ചിത്രത്തിലൂടെ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പായല്‍ കപാഡിയ. സ്വതന്ത്രമായ കാഴ്ചപ്പാടോടെ സധൈര്യം സിനിമയെയും രാഷ്ട്രീയത്തെയും സമീപിക്കുന്ന ഈ ചലച്ചിത്രകാരി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ പ്രക്ഷോഭത്തിലെ മുന്‍നിരപ്പോരാളികളിലൊരാളാണ്. 139 ദിവസം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത 35 വിദ്യാര്‍ത്ഥികളില്‍ 25ാം പ്രതിയായിരുന്നു പായല്‍. സമരത്തെ തുടര്‍ന്ന് പായലിന്റെ സ്‌കോളര്‍ഷിപ്പ് പുനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് റദ്ദാക്കിയിരുന്നു. ടി.വി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ച നടപടിക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പായല്‍ സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ്’ 2021ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയിരുന്നു. ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാന്‍ മേളയിലെ ഡയറക്ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറന്‍േറാ ചലച്ചിത്രമേളയില്‍ ആംപ്‌ളിഫൈ വോയ്‌സസ് അവാര്‍ഡും ഈ ഡോക്യുമെന്ററിക്ക് ലഭിക്കുകയുണ്ടായി. ബുസാന്‍ മേളയില്‍ ഈ ഡോക്യുമെന്ററി സിനിഫൈല്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

1986ല്‍ മുംബൈയില്‍ ജനിച്ച പായല്‍ സെന്റ് സേവിയേഴ്‌സ് കോളേജ്, സോഫിയ കോളേജ് എന്നിവിടങ്ങളില്‍നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചലച്ചിത്രസംവിധാനം പഠിക്കാനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ വിദ്യാര്‍ത്ഥിയായിരിക്കെ ആഫ്റ്റര്‍നൂണ്‍ ക്‌ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാന്‍ ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മുന്‍നിരമേളയില്‍ സെലക്ഷന്‍ ലഭിച്ച ഏക വിദ്യാര്‍ത്ഥിയായിരുന്നു അന്ന് പായല്‍. പായല്‍ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചിത്രമാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് ഇടം നേടിയ ചിത്രം ആഗോളതലത്തില്‍ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ഐഎഫ്എഫ്‌കെ മേളയിലും ചിത്രം പ്രദര്‍ശിപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments