Wednesday, April 2, 2025

HomeCinemaഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് കേരള രാജ്യാന്തര ചലച്ചിത്രമേള ജൂറി അധ്യക്ഷ

ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് കേരള രാജ്യാന്തര ചലച്ചിത്രമേള ജൂറി അധ്യക്ഷ

spot_img
spot_img

തിരുവനന്തപുരം: 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരടങ്ങിയ ജൂറിയുടെ അധ്യക്ഷ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി കണ്ടു വിലയിരുത്തും. സിനിമാപ്രേമികൾക്ക് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇവരുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.

ടെക്സ്ച്വൽ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തിൽ തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച ഫ്രഞ്ച് ഛായാഗ്രാഹകയും ഫോട്ടോഗ്രാഫറുമാണ് ആഗ്നസ് ഗൊദാർദ്. 1951 മെയ്‌ 28ന് ഫ്രാൻസിൽ ജനിച്ച ആഗ്നസ് ഗൊദാർദിന് 2001ൽ മികച്ച ഛായാഗ്രാഹകയ്ക്കുള്ള സീസർ അവാർഡ് ലഭിച്ചു. ലാ ഫെമി ഫിലിം സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആഗ്നസ് വിം വെൻഡേഴ്സ് ചിത്രങ്ങളിൽ ക്യാമറ സാങ്കേതിക സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.

ബ്യു ട്രവയൽ (1999), ഹോം (2008) വിങ്‌സ് ഓഫ് ഡിസൈർ (1987 ) തുടങ്ങിയവ ആഗ്നസ് ഛായാഗ്രഹണം നിർവഹിച്ച പ്രധാന ചിത്രങ്ങളാണ്. ഫ്രഞ്ച് സംവിധായികയും തിരക്കഥാകൃത്തുമായ ക്ലെയർ ഡെന്നിസിനോടൊപ്പം ദീർഘകാലം ആഗ്നസ് പ്രവർത്തിച്ചിട്ടുണ്ട്. 2021ലെ കാൻ അവാർഡ് ഫോർ എക്സലൻസ് ഇൻ സിനിമോട്ടോഗ്രഫി പുരസ്‌ക്കാര ജേതാവാണ്. ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സിന്റെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരത്തിന് ആഗ്നസിനെ അർഹമാക്കിയ ബ്യു ട്രവയൽ എന്ന ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ക്ലെയർ ഡെനീസ് സംവിധാനം ചെയ്ത ബ്യൂ ട്രവയൽ എന്ന ചിത്രം ആത്മ സംഘർഷങ്ങളുടെയും പക പോക്കലുകളുടേയും കഥ പറയുന്നു. ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗലോപ്, ജിബൂട്ടിയിലെ തന്റെ കഴിഞ്ഞകാലം ഓർത്തെടുക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. 2000 ൽ വില്ലേജ് വോയ്സ് ഫിലിം പോളിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം, 2001 ൽ മികച്ച ഛായാഗ്രഹണത്തിനുള്ള ക്ലോട്രൂഡിസ് അവാർഡ്, നോർത്ത് കരോലിന ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ബെസ്റ്റ് റിസ്റ്റോറേഷൻ അവാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് വേറിട്ട കാഴ്ചപ്പാടുകൾ നൽകുന്ന പ്രമുഖ ബൊളീവിയൻ സംവിധായകനാണ് മാർക്കോസ് ലോയ്സ. ദാരിദ്ര്യം, അസമത്വം, തനത് സംസ്കാരം എന്നീ പ്രമേയങ്ങൾ അദ്ദേഹത്തിന്റെ സിനിമയിലെ പ്രത്യേകതകളാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ലോയ്സിന്റെ ചിത്രങ്ങളാണ് എ മാറ്റർ ഓഫ് ഫെയ്ത്ത്(1995), ദ ഹാർട്ട് ഓഫ് ജീസസ്(2003), ദ സ്ലീപിംഗ് ബ്യൂട്ടീസ് (2012). സമൂഹത്തിന്റെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങി, കാലാവസ്ഥാ വ്യതിയാനത്തിന്റെയും സാമൂഹിക പ്രശ്‌നങ്ങളുടെയും ആഘാതം ഉയർത്തിക്കാട്ടി ബൊളീവിയൻ സംസ്ക്കാരത്തെയും ചരിത്രത്തെയും ലോയ്സയുടെ സിനിമകൾ പ്രതിഫലിപ്പിക്കുന്നു. ലോയ്സയുടെ അവെർണോയാണ് മേളയിൽ പ്രദർശനത്തിന് എത്തുന്ന സിനിമ.

പ്രശസ്ത ജോർജിയൻ സംവിധായികയും തിരക്കഥാകൃത്തുമായ നാനാ ജോർജഡ്സെ, നിലവിൽ യൂറോപ്യൻ ഫിലിം അക്കാദമി, അമേരിക്കൻ ഫിലിം അക്കാദമി, ജോർജിയൻ ഫിലിം അക്കാദമി തുടങ്ങിയവയിൽ അംഗമാണ്.1993-96 കാലഘട്ടത്തിൽ കാൻ ഫിലിം ഫെസ്റ്റിവലിന്റെ സിനിമ ആൻഡ് ലിബർട്ടി അസോസിയേഷൻ പ്രസിഡന്റായിരുന്ന ജോർജഡ്സെ, ക്യാമറ ഡി ഓർ ജേതാവ് കൂടിയാണ് .1996ൽ പുറത്തിറങ്ങിയ ‘എ ഷെഫ് ഇൻ ലവാണ്’ മേളയിൽ പ്രദർശിപ്പിക്കുന്ന ജോർജഡ്സെയുടെ ചിത്രം. സുന്ദരിയായ ജോർജിയൻ രാജകുമാരിയോടുള്ള ഫ്രഞ്ച് പാചകക്കാരനായ പാസ്ക്കൽ ഇച്ചാക്കിന്റെ പ്രണയം, സോവിയറ്റ് വിപ്ലവകാരികളുടെ വരവോടുകൂടി തകിടം മറിയുന്നു. പ്രക്ഷുബ്ധമായ ഒരു ചരിത്ര കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയത്തിന്റെ ഹൃദ്യമായ ദൃശ്യാവിഷ്കാരമായ ഈ ചിത്രം, 69-ാമത് അക്കാദമി അവാർഡിൽ മികച്ച അന്യഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ ജോർജിയയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആസാമീസ് സംവിധായകനായ മൊഞ്ചുൾ ബറുവയാണ് ഇന്റർനാഷണൽ ജൂറിയിലെ ഇന്ത്യൻ പ്രാതിനിധ്യം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ അന്തരീൻ പ്രഗ് സൈൻ പുരസ്കാരവും ഇന്ത്യൻ സൈൻ ചലച്ചിത്ര മേളയിൽ അവാർഡും കരസ്ഥമാക്കി. ഈ ചിത്രം മികച്ച പുതുമുഖ സംവിധായകനുള്ള അസം സംസ്ഥാന ചലച്ചിത്ര അവാർഡിന് മൊഞ്ചുളിനെ അർഹമാക്കി. മൊഞ്ചുളിന്റെ മൂന്നാമത്തെ ചിത്രമായ അനുർ (എയിസ്‌ ഓൺ ദി സൺഷൈൻ ) ആണ് 29-ാമത് അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.സാഹിത്യ അക്കാദമി ജേതാവായ ആസാമീസ് എഴുത്തുകാരി അനുരാധ ശർമ പൂജാരിയുടെ ചെറുകഥയെ ആസ്പദമാക്കിയ സിനിമയാണിത്. ജീവിതത്തിന്റെ നിർമല നിമിഷങ്ങളും വാർദ്ധക്യത്തിലെ ഏകാന്തതയും പ്രണയവും പ്രധാന ചർച്ചാവിഷയങ്ങളാകുന്നു. ട്രെൻഡിങ് ചിത്രങ്ങളുടെ പിറകെ പായുന്ന ആസാമീസ് ചലച്ചിത്രങ്ങൾക്ക് ഇടയിൽ നിന്നും ഒരു വൃദ്ധയുടെ പ്രണയകഥ പറയുന്ന അനുർ, പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമാണ് നൽകുന്നത്.

അർമേനിയൻ സിനിമാ സംവിധായകനും നടനും തിരക്കഥാകൃത്തുമായ മിഖായേൽ ഡോവ്ലാത്യൻ, നാല് പതിറ്റാണ്ടുകളായി അർമേനിയൻ സിനിമയിലെ സജീവ സാന്നിധ്യമാണ്. ലാ വല്ലേ ഡേ ല ലൂൺ(1994) ഡെമോക്കോവ് ഡെപ്പി പറ്റെ(1990) ഔർ യാർഡ്(1996), ലാബറിന്ത് (1996) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന അർമേനിയൻ ചിത്രങ്ങളിലൊന്നാണ് മിഖായേൽ ഡോവ്ലാത്യൻ സംവിധാനം ചെയ്ത ലാബറിന്ത്. കഥാപാത്രങ്ങൾ കാലത്തിന്റെ ചുഴികളിലകപ്പെട്ട് സ്വയം നഷ്ടമാകുന്നതും തുടർന്ന് അവരുടെ സങ്കല്പങ്ങളിൽ നിന്ന് വേർതിരിഞ്ഞ് യഥാർത്ഥ ലോകത്തെ കണ്ടെത്തുന്നതുമാണ് മിഖായേൽ ഡോവ്ലാത്യന്റെ ‘ലാബറിന്തി’ലെ പ്രമേയം. 1995ലെ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പനോരമ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments