ജയറാമിന് പിറന്നാള്‍ കുറിപ്പുമായി മകന്‍ കാളിദാസ് ജയറാം. ‘ഹാപ്പി 60, പോപ്‌സ്’ എന്നായിരുന്നു ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളുമായാണ് തന്റെ അറുപതാം പിറന്നാള്‍ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോള്‍ ജയറാം ഉള്ളത്. ഇത്തവണ എല്ലാവര്‍ക്കുമൊപ്പം അറുപതാം പിറന്നാള്‍ ആഘോഷമാക്കാനാണ് പദ്ധതി. പാര്‍വതിക്കു ഒരിക്കല്‍ കൂടി താലി ചാര്‍ത്താനും ജയറാം ആലോചിക്കുന്നുണ്ട്.
തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാല്‍ ഭര്‍ത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ടത്രേ. പ്രായം എഴുപതും എണ്‍പതും ആയാല്‍, ഓരോ താലികെട്ടുകള്‍ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നല്‍കേണ്ടത്. .
ഇന്നത്തെ തലമുറയില്‍ വിവാഹപ്രതിജ്ഞ പുതുക്കുന്ന ചടങ്ങുണ്ടെങ്കിലും, ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്. പാര്‍വതിയെ വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്ന് ജയറാം പറയുന്നു. കെട്ടേണ്ട മുഹൂര്‍ത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷവും ജയറാമിനെ സംബന്ധിച്ചടത്തോളം ഭാഗ്യ വര്‍ഷമായിരുന്നു. അതോടൊപ്പം ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബത്തില്‍ രണ്ട് അംഗങ്ങള്‍ക്കൂടി ചേര്‍ന്നു കഴിഞ്ഞു. മകളുടെ ഭര്‍ത്താവായ നവനീത് ഗിരീഷും, മകന്റെ ഭാര്യ താരിണി കാലിംഗരായരും ഇവര്‍ക്കൊപ്പമുണ്ട്. ഡിസംബര്‍ എട്ടിനായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.