ചെങ്ങന്നൂർ: പ്രമുഖ സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ആണ്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുമ്പോഴും കേസില്‍ വിചാരണയ്ക്കായും ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു.
കേസിൽ ബലാത്സംഗക്കുറ്റം ആണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ആണ് ബാലചന്ദ്രകുമാർ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത്. 2017ലെ നടിയെ ആക്രമിച്ച കേസിനൊപ്പം ഗൂഢാലോചന കേസായാണ് ഇതും ചേർത്തിരുന്നത്.
പീഡന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് ഐപാഡിൽ ദിലീപ് കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിക്കുകയും ചെയ്തു. ഇതോടൊപ്പം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ വീട്ടിൽ വച്ച് ഗൂഢാലോചന നടന്നെന്നും മൊഴിയുണ്ട്.