ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച ‘അനുജ’ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിൽ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇതിനു മുമ്പ് നിർമിച്ച രണ്ട് ഡോക്യുമെന്ററികൾ ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് ഓസ്കർ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട സിനിമകൾ. വിദേശ ചിത്രങ്ങൾ കൂടാതെ, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്, മ്യൂസിക് ഒറിജിനൽ സ്കോർ തുടങ്ങി പത്ത് വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ചുരുക്കപ്പട്ടികയും അക്കാദമി പുറത്തുവിട്ടു. മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടംനേടിയ ബ്ലെസിയുടെ ആടുജീവിതവും ഒരു വിഭാഗത്തിലും ഇടംപിടിച്ചില്ല.
ജനുവരി എട്ടിന് ഈ പട്ടികയിലെ സിനിമകളെ ഉൾപ്പെടുത്തി നോമിനേഷനായുള്ള വോട്ടിങ് ആരംഭിക്കും. ജനുവരി 17ന് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും. മാർച്ച് 2 രണ്ടിനാകും ഓസ്കർ പ്രഖ്യാപനം.