കൊച്ചി: താരസംഘടനയായ അമ്മയുടെ തകര്‍ച്ചയ്ക്കു കാരണം തലപ്പത്തിരുന്നവരുടെ നീതിയില്ലായ്മയും കെടുകാര്യസ്ഥതയുമാണെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സ്വന്തം കുടുംബ സ്വത്തു പോലെയായിരുന്നു സംഘടനയെ കണ്ടിരുന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു.
സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത താരങ്ങള്‍ ‘അമ്മ’യിലെ അംഗത്വത്തിനായി കാത്തു നില്‍ക്കുമ്പോള്‍ വന്‍ തുക വാങ്ങി ബിസിനസ്സുകാര്‍ക്കുള്‍പ്പടെ ഉള്ളവര്‍ക്ക് അംഗത്വം നല്‍കിയിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. നടിമാര്‍ക്കാണെങ്കില്‍ പണമില്ലെങ്കിലും മറ്റു അഡ്ജസ്റ്റമെന്റുകള്‍ക്ക് തയാറുണ്ടെങ്കില്‍ മെമ്പര്‍ഷിപ്പ് കൊടുക്കാം എന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും വിളിച്ചു പറഞ്ഞിരുന്നുവെന്നും അഷ്റഫ് പറയുന്നു.
ഇടവേള ബാബു അതിജീവിതയ്‌ക്കെതിരെ ‘മരിച്ചതിനു തുല്യമായ വ്യക്തി’ എന്ന പരാമര്‍ശം നടത്തിയത് പാര്‍വതി തിരുവോത്ത് പോലെയുള്ള താരങ്ങളെ വേദനിപ്പിച്ചെന്നും പാര്‍വതിയെപ്പോലെ സ്വാര്‍ഥതയില്ലാത്ത കഴിവുള്ള താരങ്ങള്‍ സംഘടനയുടെ തലപ്പത്തേക്കു വരേണ്ടത് അത്യാവശ്യമാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഘടനയുടെ നേതൃത്വത്തില്‍ ഉള്ളവര്‍ക്കെതിരെ വരെ പരാതികള്‍ ഉയര്‍ന്നു വന്നപ്പോള്‍ കെട്ടുറപ്പുള്ള ഒരു കമ്മറ്റി ഇല്ലാത്തതുകൊണ്ടാണ് ‘അമ്മ’ എന്ന സംഘടന തകര്‍ന്നുപോയതെന്നും സംഘടന ഇത്തരത്തില്‍ അധഃപതിക്കാന്‍ കാരണം ഇടവേള ബാബുവിന്റെ അധാര്‍മിക പ്രവര്‍ത്തികളാണെന്നും തുറന്നു പറയുകയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്‌റഫ്.