Thursday, December 19, 2024

HomeArticlesArticlesവന്ദനാ ദാസിന്റെ കൊലപാതകവും, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളും: (അനിൽ മറ്റത്തിക്കുന്നേൽ, ചിക്കാഗോ)

വന്ദനാ ദാസിന്റെ കൊലപാതകവും, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളും: (അനിൽ മറ്റത്തിക്കുന്നേൽ, ചിക്കാഗോ)

spot_img
spot_img

കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് വന്ദനാ ദാസ് എന്ന വനിതാ ഡോക്ടറുടെ കൊലപാതകമാണല്ലോ. ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഭാവിയിൽ ഉയരങ്ങൾ താണ്ടുകയും ആയിരങ്ങൾക്ക് സ്വാന്തനവുമാകേണ്ടിയിരുന്ന ഈ യുവതിയുടെ വിയോഗത്തിലുള്ള ദുഃഖവും, കേരളത്തിൽ നിന്നുള്ള ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലക്കുള്ള എന്റെ പ്രതിക്ഷേധവും രേഖപ്പെടുത്തുന്നതിനോടൊപ്പം എന്റെ ചില ചിന്തകൾ കൂടി പങ്കുവെയ്ക്കണം എന്ന് തോന്നിയതിനാലാണ് ഈയൊരു കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ മരണം എന്തെങ്കിലും മാറ്റങ്ങൾക്കുള്ള തുടക്കമാകുമോ? ഇല്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. താനൂരിലെ ബോട്ടപകടത്തിൽ നിന്ന് ഈ കൊലപാതകത്തിലേക്കും ഇനി മറ്റൊരു വാർത്ത വരുമ്പോൾ അതിലേക്കും മാധ്യമശ്രദ്ധ മാറുകയും, പഠിക്കേണ്ട പാഠങ്ങൾ ക്രമേണ അവഗണിക്കപ്പെടുകയും ചെയ്യും എന്നതാണ് പൊതുവായ കേരളീയ പ്രവണത എന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ ഭരണാധികാരികൾക്കോ മാത്രമായി അവകാശപ്പെടാവുന്ന ട്രാക്ക് റിക്കോർഡ് അല്ല മറിച്ച് കേരളത്തിന്റെ ഭരണ നിർവ്വഹണത്തിന്റെ പൊതു സ്വഭാവം തന്നെയാണ്. എന്തുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ കേരളത്തിൽ സംഭവിക്കുന്നു? എന്തുകൊണ്ട് ജോലി സ്ഥലങ്ങളിലെ അക്രമങ്ങൾക്കെതിരെ ഫലപ്രദമായ നടപടികൾ എടുക്കുവാൻ സാധിക്കുന്നില്ല. ലോക കേരള സഭ പോലുള്ള സംവിധാനങ്ങളും, ഭരണാധികായ്കളുടെയും ഉദ്യോഗസ്ഥരുടെയും അടിക്കടിയുള്ള വിദേശ യാത്രകളും ഒക്കെയുണ്ടെങ്കിലും, ഇതുപോലുള്ള അക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും നടപടികൾ എടുക്കുന്നതിനുമൊക്കെയായി, മലയാളികൾ ഉൾപ്പെടെയുള്ള ആഗോള ആരോഗ്യമേഖലയിൽ നിന്ന് പാഠങ്ങൾ ഉൾകൊള്ളുന്നതിന് നമുക്ക് സാധിക്കുന്നില്ല എങ്കിൽ അത് ഒരു വൻ പരാജയം തന്നെയാണ്

. മുരളി തുമ്മാരുകുടിയേപ്പോലുള്ള വിദഗ്ദർ പങ്കുവെയ്ക്കുന്ന വിവരങ്ങളും നിർദ്ദേശങ്ങളും മാത്രം മതി ഒരു പരിധിവരെ ഇതുപോലുള്ള വിപത്തുകളിൽ നിന്ന് നമ്മെ രക്ഷിക്കുവാന്നുള്ള ഫലപ്രദമായ നടപടികളിലേക്ക് നമ്മെ നയിക്കുവാൻ.

കഴിഞ്ഞ 16 വർഷത്തിലധികമായി അമേരിക്കയിലെ ചിക്കാഗോയിൽ ആരോഗ്യ മേഖലയിലെ Workplace Violence എന്ന വിഷയവുമായി ആഴത്തിൽ ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനാലും Workplace Violence Prevention Committee പോലുള്ള ഫോറങ്ങളിൽ പ്രവർത്തിച്ചുള്ള പരിചയം ഉള്ളതിനാലും ഇത് സംബന്ധിച്ച എന്റെ ചിന്തകൾ പങ്കുവെയ്ക്കുകയാണ്.

****മാനസിക രോഗങ്ങളുടെയും മദ്യാസക്തിയുടെയും മയക്കുമരുന്നിന്റെയും പിടിയിലേക്ക് അമരുന്ന കേരളത്തിന്റെ നേർചിത്രം പലരും പങ്കുവെക്കുമ്പോൾ എന്തുകൊണ്ട് അവയെ നേരിടുവാനുള്ള ഫലപ്രദമായ നടപടികൾക്ക് എത്തുവാൻ നമുക്ക് സാധിക്കുന്നില്ല എന്നത് വളരെ പ്രസക്തമായ ഒരു ചോദ്യചിഹ്നമാണ്. മയക്കുമരുന്നിന് അടിമപെട്ടവരെ ജയിലിൽ അടക്കുക എന്നതിനേക്കാളും ആവശ്യം അവർക്ക് കൃത്യമായ അടിയന്തര ചികിത്സയും പുനരധിവാസ ചികിത്സയും ലഭ്യമാക്കുവാൻ വേണ്ട ക്രമീകരണങ്ങൾ (ACUTE INPATIENT UNITS as well as REHABILITATION Centers) നിലവിലുള്ള ആശുപത്രികളുടെ ഭാഗമായി ഒരുക്കുക എന്നതാണ് .

ഈ രീതിയിലുള്ളവർ ആക്രമണ സ്വഭാവം കാണിക്കും എന്നത് പകൽ പോലെ വ്യക്തമാണ് എന്നിരിക്കെ, അവയെ നേരിടുവാനും, മറ്റു രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുവാനും സാധിക്കത്തക്ക രീതിയിലുള്ള ആശുപത്രി സംവിധാനങ്ങൾ കേരളത്തിലുടനീളം വേണം എന്നത് ഇന്നിന്റെ ആവശ്യമാണ്.

*. ഓരോ എമർജൻസി / കാഷ്വാലിറ്റി ഡിപ്പാർട്ട് മെന്റുകളിലും മികച്ച സെക്യൂരിറ്റി സംവിധാനങ്ങൾ ഉണ്ടായിരിക്കണം. കേരളത്തിൽ സെക്യൂരിറ്റി എന്നത് പലപ്പോഴും വലിയ ഒരു തമാശ തന്നെയാണ്. ആരെയെങ്കിലും ഒരു സെക്യൂരിറ്റി വേഷം ഇടിയിച്ച് , മുതലാളിമാരും കാശുകാരും വരുമ്പോൾ അവർക്ക് സല്യൂട്ട് ചെയ്തത് വാതിൽ തുറന്നു കൊടുക്കുന്നതല്ല സെക്യൂരിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് Crisis Prevention and Intervention പോലുള്ള പ്രോഗ്രാമുകളിൽ വ്യക്തമായ പരിശീലനം ലഭിച്ച ആളുകളാണ് ഇതുപോലുള്ള റോളുകൾ കൈകാര്യം ചെയ്യേണ്ടത്.

* രോഗികളുടെ ആക്രമണങ്ങൾ കൂടുതലായി ഉണ്ടാകുവാൻ സാധ്യതയുള്ള എമർജൻസി / കാഷ്വാലിറ്റി ഡിപ്പാർട്ട്മെന്റ്, സൈക്കിയാട്രിയൂണിറ്റുകൾ തുടങ്ങിയവയിൽ, ആക്രമങ്ങൾ മുന്നിൽ കണ്ടു കൊണ്ട്, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഒരു പക്ഷെ ആക്രമണത്തിന് ഉപയോഗിച്ചേക്കാവുന്ന എല്ലാ വസ്തുക്കളും ( അത് രോഗിയുടെ പക്കലുള്ളതാണെങ്കിലും ആശുപത്രിയിലെ നിത്യോപയോഗ സാധനമാണെങ്കിലും) സുരക്ഷിതമായി സംരക്ഷിക്കണം. ഒരു ആക്രമണം ഉണ്ടായാൽ ആ രോഗിക്ക്, മാരകായുധങ്ങളായി ഉപയോഗിക്കുവാൻ സാധിക്കുന്ന കത്രിക പോലുള്ള സാധനങ്ങൾ വളരെ എളുപ്പം ലഭ്യമാകുന്ന രീതിയിലുള്ള ആശുപത്രി സജ്ജീകരണങ്ങൾ മാറണം.

വളരെയധികം ആക്രമണ സഭാവം കാണിക്കുന്ന രോഗികൾ ഉൾപ്പെടെയുള്ള യൂണിറ്റിൽ ജോലിചെയ്യുന്ന വ്യക്തി എന്ന നിലക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ, പല പ്രാവശ്യം രോഗികളുടെ ആക്രമണസ്വഭാവങ്ങൾ നേരിട്ട് അനുഭവിക്കുകയും അവക്ക് സാക്ഷിയാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ കൊണ്ട് പലപ്പോഴും ആ സാഹചര്യങ്ങളിൽ ഗൗരവപരമായ പരിക്കുകൾ ഒഴിവാക്കുവാൻ സാധിച്ചിട്ടുണ്ട്. ഒരു പക്ഷെ ഈ ആക്രമണങ്ങൾ കേരളത്തിലായിരുന്നെങ്കിൽ ഡോ വന്ദനക്ക് സംഭവിച്ചതുപോലെ അത്യാപത്തിലേക്ക് വഴിതുറക്കുമായിരുന്നു എന്നാണ് കരുതുന്നത്.

* ഏതൊരു രോഗിയെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപായി തന്നെ അതാത് രോഗികളുടെ Risk for Violence മനസ്സിലാക്കി അതിനനുസരിച്ച് മുൻകരുതലുകൾ എടുക്കണം. ഉദാഹരണത്തിന്, പോലീസിനെ സംബന്ധിച്ച് വാദിയോ പ്രതിയോ എന്നതിനേക്കാളും ഉപരിയായി, മയക്കുമരുന്നിന്റെയോ മദ്യത്തിന്റേയോ സാന്നിധ്യമോ ആക്രമണ സ്വഭാവത്തിന്റെ ചരിത്രമോ സംശയിക്കുകയാണ് എങ്കിൽ അതിനനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തികൊണ്ട് വേണം വൈദ്യ സഹായത്തിനായി എത്തിക്കുവാൻ. അങ്ങിനെയുള്ള രോഗികളെ പരിശോധിക്കുവാനുള്ള പ്രത്യേക ക്രമീകരണങ്ങൾ എല്ലാ ആശുപത്രികളിലും സജ്ജീകരിക്കണം എന്നത് നിയമം വഴി നിർബന്ധമാക്കണം.

* violence ഉണ്ടാകുമ്പോൾ അതിൽ സമയം തെല്ലും കളയാതെ ഇടപെടുവാനുള്ള response ടീമുകൾ ഓരോ ആശുപത്രികളും നിർബന്ധമാക്കണം. വിദേശങ്ങളിലെ ആശുപത്രികളിൽ medical emergency കൾക്കായി Rapid Response Team, Code Blue Team, Code stroke Team തുടങ്ങിയവക്ക് പുറമെ Code Bert (Behavioral Emergency Response Team) പോലുള്ള സംവിധാനങ്ങൾ ധ്രുതഗതിയിൽ വിന്യസിക്കപ്പെടത്തക്ക വിധത്തിൽ നിയമം വഴി നിലവിലുണ്ട്. ഈ വിധത്തിലുള്ള സംവിധാനങ്ങൾ ആരോഗ്യമേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു എന്നവകാശപ്പെടുന്ന, ലോകത്തിന്റെ തന്നെ ആരോഗ്യമേഖലയുടെ labor force ആയ കേരളത്തിന് അന്യമാണ് എന്നത് ഏറെ ഉത്കണ്ഠയോടെ നോക്കികാണേണ്ട വസ്തുതയാണ്.

* എല്ലാത്തിനും ഉപരിയായി മാനസിക രോഗങ്ങളുടെയും മദ്യാസക്തിയുടെയും മയക്കുമരുന്നിന്റെയും ചികിത്സാ ക്രമീകരണങ്ങൾക്ക് വേണ്ടി കൃത്യമായ നിയമനിർമ്മാണങ്ങൾ നടത്തണം.

ഉദാഹരണത്തിന് ചിക്കാഗോ ഉൾപ്പെടെയുള്ള ഇല്ലിനോയിസ് സംസ്ഥാനത്തിലെ എല്ലാ മാനസികരോഗാശുപത്രികളും , ചികിത്സാ സംവിധാനങ്ങളും Illinois Mental Health code (https://www.ilga.gov/legislation/ilcs/ilcs5.asp?ActID=1496&ChapterID=34) എന്ന വ്യക്തമായ നിയമ സംഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. രോഗികളുടെ വ്യകതിപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ, ചികിത്സയും സുരക്ഷയും ഉറപ്പാക്കുവാൻ ഇതുപോലുള്ള നിയമ നിർമ്മാണങ്ങൾ സഹായിക്കും.

മാനസികരോഗങ്ങൾ, മദ്യാസക്തി, മയക്കുമരുന്ന് തുടങ്ങിയവയെപ്പറ്റി മുകളിൽ പ്രതിപാദിച്ചു എന്ന് കരുതി ഡോ . വന്ദനയെ വധിച്ചവ്യക്തി ഈ വിഭാഗത്തിലേതെങ്കിലും പെടുന്നയാളാണ് എന്ന് സ്ഥാപിക്കുവാൻ ഞാൻ ശ്രമിച്ചു എന്ന് തെറ്റിദ്ധരിക്കരുത് എന്നപേക്ഷിക്കുകയാണ്. എന്നാൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള Workplace Violence എന്ന ആഗോള പ്രതിഭാസത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ, അവയിൽ ഭൂരിഭാഗത്തിന്റെയും മൂലകാരണം മാനസികരോഗങ്ങൾ, മദ്യാസക്തി, മയക്കുമരുന്ന് തുടങ്ങിയവയാണ് എന്ന യാഥാർഥ്യം നമ്മുടെ മുന്നിൽ ഉണ്ട് എന്നതിനാലാണ് ഇവയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട അധികാരികൾ ഈ വിഷയങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള ഒരു വിചിന്തനത്തിനായി മുതിരും എന്ന് കരുതുകയാണ്. അമേരിക്കയിൽ ലോക കേരള സഭയുടെ അമേരിക്കൻ റീജിയൺ സമ്മേളനം അടുത്ത മാസം നടക്കുമ്പോൾ, ഈ വിഷയങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ബന്ധപ്പെട്ട ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തുവാൻ അമേരിക്കയിൽ നിന്നുള്ള കേരള സഭാംഗങ്ങൾ തയ്യാറാകും എന്നും, ഭരണാധികാരികൾ അവ ശ്രദ്ധിക്കുകയും അത് നടപ്പിൽ വരുത്തുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

മറ്റൊരു ബ്രേക്കിംഗ് ന്യൂസ് വരുമ്പോൾ വിസ്മരിക്കപെട്ടുപോകുന്നതോ, ഏതെങ്കിലും സ്മാരകങ്ങളിലെ പേര് മാത്രമായി മാറുന്നതോ ആയിരിക്കരുത് ഡോ വന്ദനയുടെ രക്തസാക്ഷിത്വം എന്നുള്ള പ്രത്യാശയോടെ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments