തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപൊക്കം എന്നു ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 1924 ജൂലയിലെ പ്രളയത്തില്‍ കുട്ടനാട്ടുകാര്‍ രക്ഷപെട്ടത് കെട്ടുവള്ളങ്ങളിലും കേവുവള്ളങ്ങളിലും ആഴ്ചകളോളം താമസിച്ചായിരുന്നു.
ആ പ്രളയം കുട്ടനാട്ടുകാരെ സംബന്ധിച്ച് എന്നും ഒരു ഓര്‍മപ്പെടുത്തലായിരുന്നു. അതിനു ശേഷമുണ്ടായ ഓരോ വെള്ളപ്പൊക്കത്തെയും അവര്‍ തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപൊക്കവുമായി താരതമ്യം ചെയ്തു പോന്നിരുന്നു. വെള്ളപ്പൊക്കം കുട്ടനാട്ടുകാർക്ക് പുതുതായ ഒന്നല്ല. വെള്ളപ്പൊക്കം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനെ നേരിടാന്‍ അവര്‍ അന്ന് മാനസികമായിത്തന്നെ സജ്ജരായിരുന്നു. എന്നാല്‍ ഇന്ന് ഓരോ പ്രളയവും അവരെ വളരെയേറെ ബാധിക്കുന്നു.
കുട്ടനാടിന്റെ ഭൂപ്രക്രതി തന്നെ ഇന്ന് വളരെയേറെ മാറിപോയിരിയ്ക്കുന്നു. അതുമൂലം അവരുടെ ജീവിത രീതിയില്‍ത്തന്നെ അവരറിയതെ തന്നെ പല മാറ്റങ്ങളും വന്നു. ഒരുപാട് റോഡുകള്‍ ഉണ്ടായി എന്നതാണു അതില്‍ പ്രധാനം. റോഡ് വഴിയുള്ള യാത്ര സൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ കൂടുതൽ മോട്ടോർ വാഹനങ്ങൾ ഉപയോഗിച്ച് വേഗത്തിൽ പട്ടണങ്ങളിലേക്ക് പോയി വരുവാനും അതുവഴി ഒരു നഗര സംസ്കാരം തങ്ങളിലേക്ക് എത്തുവാനും ഇത് കാരണമാക്കി.
ശ്രീമതി ഇന്ദിരാഗന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിവെച്ച ഇരുപതിന പരിപാടിയുടെ ഭാഗമായുള്ള ഗ്രാമീണ റോഡ് വികസനത്തില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടനാട്ടില്‍ ചില റോഡുകളുടെ നിര്‍മാണങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഈ റോഡുകള്‍ ഒന്നും തന്നെ റോഡുകളായി പരിണമിച്ചില്ല. അതൊക്കെ മണ്‍പാതകളായി തുടര്‍ന്നു പോന്നു. എന്നിരുന്നലും പില്‍ക്കാലത്ത് റോഡ്‌വികസനത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടിവന്നില്ല. ഇത് പിന്നീടുള്ള നിര്‍മണത്തിനു വളരെയേറെ വേഗത നല്‍കാന്‍ സഹായിച്ചു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.
ഇന്ന് കുട്ടനാട്ടിൽ ഒരുപാട് റോഡുകളും പാലങ്ങളും വന്നു. വികസനത്തിന്റെ പേരില്‍ റോഡുകള്‍ക്കായും വീടുകള്‍ക്കായും ചെറുതും വലുതുമായ എല്ലാ തോടുകളും വളരെ നിസ്സാരമായി അടച്ചുകളഞ്ഞു. റോഡുകള്‍ ലാഭകരമായി പണിയാന്‍ കല്‍വെര്‍ട്ടുകള്‍ ഉപേക്ഷിച്ചുവെന്നത് ഏറ്റവും ഉത്തരവാദിത്തമില്ലാത്ത അശാസ്ത്രീയമായ ദീർഘ വീക്ഷണമില്ലാത്ത ഒരു നിര്‍മാണ രീതിയായെ കാണാൻ കഴിയൂ. ഇടത്തോടുകൾ അടയ്ക്കുന്നതുകൊണ്ടു ഭാവിയിൽ ഉണ്ടാകാവുന്ന ദൂഷ്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ബന്ധപ്പെട്ടവർക്ക് സാധിച്ചില്ല. ഒരു നാടിന്റെ സിരകളായി വര്‍ത്തിച്ചിരുന്ന ഇടത്തോടുകളുടെ അഭാവം കുട്ടനാടിന്റെ പാരിസ്‌തിതിയെ ചെറുതായല്ല ബാധിച്ചത്. മീന്‍ പിടിച്ചു ഉപജീവനം നടത്തിവന്ന ഒരുപറ്റം ആളുകളുടെ ജീവിത മാര്‍ഗം തന്നെ വഴി മാറ്റപ്പെട്ടു.
അശാസ്ത്രീയമായ ഇത്തരം റോഡ്‌നിര്‍മ്മാണം ജല ഗതാഗതത്തിനെ പൂര്‍ണമായും തകര്‍ക്കുകയാണുണ്ടായത്. യാതൊരു ദീര്‍ഘ വീക്ഷണവുമില്ലാതെ പൊക്കം കുറച്ചാണു ജല ഗതാഗത വകുപ്പു സര്‍വീസ് നടത്തിയിരുന്ന പല തോടുകള്‍ക്കും ആറിനും കുറുകെ പാലം പണിതത്. ഇവിടെയും സാമ്പത്തിക ലാഭം മാത്രമായിരുന്നു മാനദണ്ഡം എന്നു മനസ്സിലാക്കാം.
അതില്‍ പ്രധാനമായത് ചങ്ങനാശ്ശേരിയിലേക്ക് കുമരംകരി വഴിയുണ്ടായിരുന്ന തോട്ടിലും കിടങ്ങറ വഴിയുണ്ടായിരുന്ന തോട്ടിലും ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ സാധിക്കാത്തവിധം തോടുകള്‍ക്ക് കുറുകെ പൊക്കം കുറച്ചാണ് പാലം പണിതത്. മറ്റൊന്ന് കോട്ടയത്ത് നിന്ന് പുളിങ്കുന്നു വഴി നടത്തിയിരുന്ന സര്‍വീസുകളാണ്. കാവലം – കൈനടി തോട്ടിലും കാവാലം – പുളിങ്കുന്നു പുത്തന്‍ തോട്ടിലുമാണ് ഇത്തരത്തില്‍ പാലം പണിതത്. കിടങ്ങറയിലുണ്ടാക്കിയ പാലം കുട്ടനാട്ടുകാരെ ചെറുതായല്ല ബുദ്ധിമുട്ടിലാക്കിയത്. 2018ലെ പ്രളയകാലത്ത് കുട്ടനാട്ടില്‍ നിന്ന് മറുകര തേടാന്‍ ചങ്ങനാശ്ശേരിയിലേക്ക് പാലായനം ചെയ്തവര്‍ക്ക് കിടങ്ങറയിലെ പാലം ഒരു വിലങ്ങു തടിയായി മുന്നില്‍ നിന്നു. അത് മറികടക്കാന്‍ അവർക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞ് അറിയിക്കാൻ സാധിക്കാത്തത് ആണ്. മറ്റനേകം മോട്ടോർ ബോട്ട് ഓടിയിരുന്ന തോടുകളിലും ഇത്തരം സ്ഥിതിയുണ്ടെങ്കിലും അത് ഇവിടെ പ്രതിപാദിക്കുന്നില്ല.
വളരെ രസകരമായി തോന്നാവുന്ന ഒരു വസ്തുത ഇത്തരത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ടുകള്‍ക്ക് തുടര്‍ന്നു സര്‍വീസ് നടത്തുവാന്‍ രൂപമാറ്റം വരുത്തേണ്ടി വന്നു എന്നുള്ളതാണ്. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നതിൽ തെറ്റ് കാണാൻ സാധിക്കില്ലെങ്കിലും തെറ്റായ നയ വ്യതിയാനങ്ങളുടെ ഭാഗമായി ചെയ്തുകൂട്ടുന്ന ഇത്തരം കാര്യങ്ങളെ ന്യായീകരിക്കാൻ സാധിക്കില്ല. ഇതൊക്കെ തന്നെ കാണിച്ചുതരുന്നത് മാറി മാറി വരുന്ന സർക്കാരുകളുടെ വികലമായ വികസന കാഴ്ചപ്പാടും ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കഴിവില്ലായ്മയുമാണ്. തീര്‍ത്തും അശാസ്ത്രീയമായ റോഡ് നിര്‍മാണ രീതിയിലൂടെ കുട്ടനാടിന്റെ തനതായ നിലനില്പിനെത്തന്നെ ഇല്ലായ്മ ചെയ്യുകയായിരുന്നു.
വികസനത്തിന്റെ പേരില്‍ കുട്ടനാടിനെ മനസ്സിലാക്കെതെയുള്ള എന്തോ കാട്ടിക്കൂട്ടലുകളാണ് അവിടെ നടന്നത്. വികസനത്തിന് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. കുട്ടനാടിന്റെ സ്വാഭാവിക വെള്ളമൊഴുക്ക് തടയാതെയും ജലഗതാതം തടസപ്പെടുത്താതെയുമുള്ള റോഡിന്റെയും പാലങ്ങളുടേയും നിര്‍മാണമായിരുന്നു വേണ്ടിയിരുന്നത്. ഒരു രീതിയിലുള്ള ശാസ്ത്രീയ പഠനങ്ങളോ പരിസ്ഥിതി ആഘാത പഠനങ്ങളോ നടന്നിട്ടുണ്ടെന്ന് കരുതുന്നില്ല. അല്ലെങ്കില്‍ അവയൊന്നും ശരിയായി നടപ്പിലാക്കിയില്ല എന്നാണ് സംശയിക്കേണ്ടത്.
തീര്‍ത്തും സാധാരണക്കരായ, നെല്‍കൃഷിയും ഉള്‍നാടന്‍ മീന്‍പിടുത്തവും മാത്രം ഉപജീവനമാര്‍ഗമാക്കി പോന്ന ബഹുഭൂരിപക്ഷം കുട്ടനാടന്‍ ജനങ്ങളെ ഇത്തരത്തില്‍ മറ്റൊരു ജീവിത രീതി കാട്ടി കബളിപ്പിക്കുകയായിരുന്നു. അവര്‍ വരാന്‍പോകുന്ന വിപത്തിനെ മുന്‍കൂട്ടി കാണാന്‍ സാധിയ്കാതെ വരാന്‍പോകുന്ന ഒരു വലിയ മാറ്റത്തെ പ്രതീക്ഷയോടെ കാത്തു നിന്നു. അന്തസായ ജീവിത നിലവാരവും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളും ഏതു ജനതയുടേയും പ്രതീക്ഷയാണ്, സ്വപ്നമാണ്. അത് നിറവേറ്റിക്കൊടുക്കെണ്ടത് അതിനുള്ള സംവിധാനമൊരുക്കേണ്ടത് ജനാധിപത്യ സര്‍ക്കാരുകളുമാണ്.
വലിയരീതിയിലുള്ള കണ്ടല്‍ നശീകരണമാണ് കുട്ടനാട്ടില്‍ ഉണ്ടായത്. KLDC പദ്ധതിയിലൂടെ തീര സംരക്ഷണത്തിനായി ആറുകളുടെ തീരത്തെ കല്‍ക്കെട്ട് നിര്‍മാണത്തിനായാണ് ഈ കണ്ടല്‍ കാടുകൾ ഭൂരിഭാഗവും നശിപ്പിച്ചത്. ഇതുമൂലം പ്രകൃതിദദ്ധമായ സ്വാഭാവിക ആവാസ വ്യവസ്തയിലുണ്ടായ മാറ്റം കുട്ടനാട്ടിലെ മത്സ്യസമ്പത്ത് ഗണ്യമായ രീതിയില്‍ കുറഞ്ഞുപോകാന്‍ കാരണമായിട്ടുണ്ട്. കേരളത്തിൽ ഏകദേശം 700 ച കി.മീ കണ്ടൽ കാടുകൾ ഉണ്ടായിരുന്നത് ഇന്ന് വെറും 17 ച കി മീ ആയി ചരുങ്ങിയെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈ 26 രാജ്യാന്തര കണ്ടൽ ദിനമാണ്. എന്നാൽ ഇന്നും നമ്മൾ അതിന് അതിൻറേതായ പ്രാധാന്യം നല്കുന്നില്ലായെന്നതാണ് സത്യം. കുട്ടനാട്ടിൽ കുറച്ചു സ്ഥലം എങ്കിലും കണ്ടെത്തി അവിടെ കണ്ടൽ കാടുകൾ പുന:സൃഷ്ടിയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കുട്ടനാടിന്റെ തനതായ ആവാസ വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.
കണ്ടൽക്കാടുകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കണ്ണൂർ ജില്ലയിലെ കല്ലേൻ പൊക്കുടനെ അനുസ്മരിയ്ക്കാരിതിരിക്കാൻ സാധിയ്ക്കില്ല. അദ്ദേഹത്തെ പോലുള്ള പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ പൊതുബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകിയതും നമ്മൾ കണ്ടതാണ്.
ഒരുകാലത്ത് കുട്ടനാട്ടിൽ കൃഷിക്ക് പുറമേ കന്നുകാലി വളർത്തലും മുട്ടക്കോഴികളും വളരെയധികം അവരെ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇന്ന് കുട്ടനാട്ടിൽ കന്നുകാലി വളർത്തലും കോഴി വളർത്തലും ഒരു പരിധി വരെ പൂർണ്ണമായും നിലച്ച നിലയിലാണ്. അതിന് പല കാരണങ്ങളുണ്ട്. ഒരുപക്ഷേ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിലകുറഞ്ഞ കോഴി മുട്ടയുടെ ലഭ്യതയായിരിക്കും ഒരു കാരണം. നാടൻ കോഴികളെ വളർത്തി മുട്ട ഉൽപ്പാദിപ്പിക്കുന്നത് ലാഭകരം അല്ലാത്തതുകൊണ്ട് ആയിരിക്കാം അവർ ഇതിൽ നിന്നും പിന്മാറുന്നത്. കോഴിമുട്ടകൾ കൊടുത്ത് അവശ്യസാധനങ്ങൾ വാങ്ങാവുന്ന ഒരു കൊടുക്കൽ വാങ്ങൽ രീതി (BARTER SYSTEM) തന്നെ നിലനിന്നിരുന്നു. ഇതിനായി വള്ളങ്ങളിൽ എത്തി കോഴിമുട്ടകൾ വാങ്ങി പകരം അവശ്യ സാധനങ്ങൾ കച്ചവടം നടത്തുന്ന ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു.
കന്നുകാലികൾക്ക് ഉണ്ടാകുന്ന അസുഖങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കവും ശരിയായ ഇൻഷുറൻസുകളുടെ അഭാവവും ആണ്കന്നുകാലി വളർത്തലിനെ ബാധിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ പശുക്കളെ വളർത്തി വീട്ടുചിലവുകൾ മുഴുവൻ നടത്തിക്കൊണ്ടു പോയിരുന്ന ധാരാളം കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇതിനൊക്കെ ഇന്നു മാറ്റം വന്നിരിക്കുന്നു.
മറ്റൊരു രസകരമായ കാര്യം കൊച്ചു വള്ളങ്ങളിൽ നടന്നിരുന്ന മീൻ കച്ചവടം ഇന്ന് ടൂവീലറുകളിലേക്കും പെട്ടി ഓട്ടോറിക്ഷകളിലേക്കും മാറി എന്നുള്ളതാണ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാലും ഡ്രൈവിംഗ് ബുദ്ധിമുട്ടായതിനാലും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും ഇത്തരം ജോലികൾ ചെയ്യാൻ സാധിക്കാതെ വന്നിരിക്കുന്നു.
എന്തായാലും കുട്ടനാടിന് ഒരു വലിയ മാറ്റം തന്നെ സംഭവിച്ചിരിക്കുന്നു. തിരിച്ചെടുക്കാനാകാത്ത വിധം കുട്ടനാടിൻറെ പൈതൃകം നഷ്ടപ്പെട്ടു എന്നുതന്നെ മനസ്സിലാക്കാൻ സാധിക്കും. അത് വീണ്ടെടുക്കുവാനായി വിശാലമായ കർമ്മ പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.
—————————-
By Antony Joseph Kuruppassery.