ജെയിംസ് കൂടല്‍
( ഗ്ലോബല്‍ പ്രസിഡന്റ്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്)
ലോകസഭ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് കാലിടറുന്നുവോ?. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ചിത്രങ്ങൾ പുറത്തുവരുമ്പോൾ 400 സീറ്റ് എന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ ബി.ജെ.പി മുടന്തുന്ന അവസ്ഥയാണുള്ളത്. തെക്കേ ഇന്ത്യയിൽ മേൽക്കൈ നേടാനാകുമെന്ന പ്രതീക്ഷകൾ എല്ലാം തന്നെ അസ്തമിച്ച മട്ടാണ്. കേരളത്തിൽ രണ്ട് സീറ്റെങ്കിലും ഉറപ്പാക്കാനാകുമെന്ന ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംസ്ഥാന നേതൃത്വത്തിന് ഇല്ല.
കർണ്ണാടകയിലും കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെ ബി.ജെ.പിയുടെ സാദ്ധ്യതകൾ മങ്ങി. കഴിഞ്ഞ തവണ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കുണ്ടായ സീറ്റ് വർദ്ധന ഇത്തവണ ആവർത്തിക്കില്ല എന്നത് ഉറപ്പിച്ച കാര്യമാണ്. ആന്ധ്ര, തമിഴ്നാട് , പോണ്ടിച്ചേരി, തെലുങ്കാന എന്നിവിടങ്ങളിൽ എല്ലാം സംപൂജ്യമായ കണക്കായിരിക്കും ബി.ജെ.പിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തുക. കർണ്ണാടകയിൽ ഘടക കക്ഷിയായ ജെ.ഡി.എസിനുണ്ടായ അവമതിപ്പ് ബി. ജെ.പിയേയും ബാധിക്കും. നിയമസഭയിൽ ഒൻപത് ശതമാനം മാത്രം വോട്ട് വിഹിതമുള്ള ജെ.ഡി.എസിന്റെ പേരുദോഷം എൻ.ഡി.എ മുന്നണിക്ക് ദോഷകരമാകും. ബി.ജെ.പിക്കും ഘടക കക്ഷികൾക്കുമുണ്ടാകുന്ന ഇടിവ് കോൺഗ്രസിനാകും ഏറെ ഗുണകരമാകുക. അതിലൂടെ ഇന്ത്യ മുന്നിക്ക് നേട്ടം കൊയ്യാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ 303 എം.പിമാരുടെ പിന്തണയുമായി അധികാരത്തിൽ എത്തിയ മോദിയെ ജനം അവിശ്വസിച്ച് തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം. 400 സീറ്റ് എന്ന ലക്ഷ്യവുമായി പ്രചരണത്തിന് ഇറങ്ങിയ മോദിക്ക് പിഴച്ചു തുടങ്ങിയെന്ന് വ്യക്തമായതോടെ മോദിയുടെ ഗ്യാരന്റി തത്കാലം മിണ്ടുന്നില്ലായെന്ന് വേണം കരുതാൻ.
തിരഞ്ഞെടുപ്പ് പ്രക്രിയ നാലാംഘട്ടമായതോടെ കടുത്ത ഹിന്ദുത്വ വർഗീയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയാണ് പ്രധാനമന്ത്രി. ഇന്ത്യ സഖ്യം അധികാരത്തിൽ വന്ന രാംലല്ല വീണ്ടും ഷെഡിലേക്ക് മാറ്റേണ്ടിവരും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വീണ്ടും വർഗീയതയെ കൂട്ടുപ്പിടിക്കുന്നുവെന്നതിന് തെളിവാണ്. അദാനി, അംബാനിമാരിൽ നിന്ന് കള്ളപ്പണം ടെമ്പോയിൽ കോൺഗ്രസിന് പോയി എന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് പിന്നിലും വല്ലാത്ത ഭയപ്പാട് വ്യക്തമാണ്. ഗ്യരന്റി പറഞ്ഞ് ഇറങ്ങിയവർ തോൽവി മണത്തത്തോടെ പഴയ ആർ.എസ്.എസുകാരന്റെ കുപ്പായം അണിയുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തുള്ളത്. ഇനിയും മൂന്ന് ഘട്ടങ്ങളിലായി 163 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ ഇതിൽ 118 മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് ആയിരുന്നു വിജയം.
എന്നാൽ മഹാരാഷ്ട്രയിലും ബീഹാറിലും പഞ്ചാബിലും ഇത്തവണ കാര്യം എളുപ്പമാകില്ല. പ്രാദേശിക കക്ഷികൾ ഉയർത്തുന്നു വെല്ലുവിളികൾ ചെറുതായി കാണാനാകില്ല. ഇന്ത്യ സഖ്യത്തിന് കീഴിയിൽ അവർ ഒന്നിക്കുമ്പോൾ ഭരണഘടന തിരുത്താനുളള ആർ.എസ്.എസ് അജണ്ടയ്ക്കാകും തിരിച്ചടിയുണ്ടാകുക. വോട്ടിംഗ് ശതമാനത്തിൽ രാജ്യത്ത് ആകെയുള്ള കുറവും ഭരണവിരുദ്ധ വികാരമായാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.