ലോക്ക് ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിച്ചിട്ടുള്ളത് ചക്കയാണ്. പണിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ചക്ക വലിയ അനുഗ്രഹമായി. വിശപ്പ് മാറിയെന്ന് മാത്രമല്ല, ചക്ക തിന്ന് എല്ലാവരും നല്ല ആരോഗ്യമുള്ളവരുമായി. ഇന്ന് അമേരിക്കന്‍ സ്വാതന്ത്രദിനമാണ്. ഒപ്പം ലോക ചക്ക ദിനവും. ചക്കയുടെ ഗുണവിശേഷങ്ങള്‍ ചില്ലറയല്ല…
കേരളത്തിന്റെ ഔദ്യോഗിക ഫലമാണല്ലോ ചക്ക. എത്ര പറഞ്ഞാലും തീരാത്ത മാഹാത്മ്യങ്ങളാണ് ചക്കയ്ക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്ക ചില്ലറക്കാരനല്ല. പ്ലാവിലെ കായ് ആദ്യം ‘പ്ലാക്ക’ എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്.
പിന്നീട് ചക്കയായി മാറി. ചുവന്ന ചുളയന്‍, വെള്ളച്ചുളയന്‍, സിംഗപ്പൂര്‍ ചക്ക, താമര വരിയ്ക്ക, നീന്‍ താമര, മൂവാണ്ടന്‍, തേന്‍ വരിക്ക, മുട്ടം വരിക്ക, നാവരിക്ക, തേങ്ങ ചക്ക, പഴച്ചക്ക, വെള്ളാരന്‍ ചക്ക, വാകത്താനം വരിക്ക, ഫുട്‌ബോള്‍ വരിക്ക, പത്താമുറ്റം വരിക്ക, മറ്റത്തൂര്‍ വരിക്ക, വള്ളി വരിക്ക, ചെമ്പരത്തി വരിക്ക, പെട്ടിക്കവല വരിക്ക…അങ്ങനെ എത്രയോ ചക്ക ഇനങ്ങള്‍.
നാട്ടിലെ പറമ്പുകളില്‍ വ്യാപകമായി ഉള്ള മരമാണ് പ്ലാവ്. ആഗോള വത്കരണവും ഉദാരവത്കരണവും സാങ്കേതിക പുരോഗതികളും എല്ലാം വരുന്നതിന് മുമ്പ് മലയാളികളുടെ പ്രിയപ്പെട്ട ഫലവര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു ചക്ക. ചക്കക്കാലം ആയിക്കഴിഞ്ഞാല്‍ പിന്നെ ‘ചോറും ചക്ക കൊണ്ടാണോ…’ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാകും പല വീടുകളിലേയും അടുക്കളയിലെ പാചകങ്ങള്‍.
എന്നാല്‍ മലയാളി പതിയെ പതിയെ ചക്കയെ അങ്ങ് മറക്കാന്‍ തുടങ്ങി. വീടിന് നല്ല വാതിലുണ്ടാക്കാനും നല്ല ഫര്‍ണീച്ചറുകളുണ്ടാക്കാനും പ്ലാവുകള്‍ ഈര്‍ച്ച മില്ലുകളിലേക്ക് സഞ്ചരിച്ചു. ഉള്ള പ്ലാവില്‍ കയറി ഒരു ചക്കയിടാന്‍ പോലും ആളെ കിട്ടാതായി. അപ്പോഴാണ് ചക്ക മാഹാത്മ്യങ്ങള്‍ പുറത്ത് വന്നത്. ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളില്‍ രാപാര്‍ത്തവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പൊന്നും വില കൊടുത്ത് ചക്കച്ചുളകള്‍ വാങ്ങാന്‍ തുടങ്ങി.
‘പഴങ്ങളുടെ രാജാവ്’ എന്നാണ് ചക്ക അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഴവും ചക്ക തന്നെ. ഒരു ചക്കയ്ക്കുള്ളില്‍ അനേകം ചക്കച്ചുളകള്‍ ഉണ്ടാകും. അതിലെല്ലാം ചക്കക്കുരുവും ഉണ്ടാകും. ഓരോ ചക്കക്കുരുവില്‍ നിന്നും ഓരോ പ്ലാവും ഉണ്ടാകാം. എന്നാലും കേരളത്തില്‍ ഇപ്പോള്‍ പ്ലാവുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് പറ്റിയ കാതലുള്ള മരമാണ് എന്നത് തന്നെയാണ് പ്ലാവുകളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലാണ് ചക്ക വ്യാപകമായി കണ്ടുവരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് അന്യമാണ് പ്ലാവുകളും ചക്കകളും. മള്‍ബറി കുടുംബത്തില്‍ പെട്ട വൃക്ഷമാണ് പ്ലാവ്. ബംഗ്ലാദേശ് നേരത്തേ തന്നെ അവരുടെ ദേശീയ ഫലമായി ചക്കയെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റേയും ഔദ്യോഗിക ഫലം ചക്ക തന്നെ.
ഇഷ്ടം പോലെ ചക്ക ഉണ്ടായിരുന്നെങ്കിലും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് നമുക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ചക്ക അമിതമായി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് പോലും നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ചക്ക പ്രശ്‌നക്കാരന്‍ അല്ലെന്ന് മാത്രമല്ല, ഒരുപാട് ഔഷധ ഗുണങ്ങളും സ്വന്തമായുണ്ട്.
പച്ചച്ചക്ക പ്രമേഹത്തിന് മികച്ച ഔഷധമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചക്ക നിത്യജീവിതത്തിന്റെ ഭാഗമാക്കിയ പലരും പ്രമേഹത്തെ ആരോഗ്യമായി മറികടക്കുന്നും ഉണ്ട്. എന്നാല്‍ കേരളത്തില്‍ പ്രമേഹ ചികിത്സയില്‍ ചക്കയുടെ പങ്ക് പലപ്പോഴും അവഗണിക്കപ്പെടുന്നു.
തെങ്ങ് കല്‍പവൃക്ഷമാണെങ്കില്‍ അതുപോലെ തന്നെയാണ് പ്ലാവിന്റെ കാര്യവും. ചക്ക ഉണ്ടായി മൂപ്പെത്തുന്നതിന് മുമ്പ് തന്നെ(ഇടിച്ചക്ക എന്ന് ചിലയിടങ്ങളില്‍ വിളിക്കും) അത് ഭക്ഷണമാക്കാം. തോരനോ പുഴുക്കോ ഉണ്ടാക്കാം. മൂപ്പെത്തിക്കഴിഞ്ഞാലും ഇതൊക്കെ ചെയ്യാവുന്നതാണ്. ചക്കപ്പുഴുക്ക് പലരുടേയും ഇഷ്ടപ്പെട്ട വിഭവമാണ്. മുള്ള് ചെത്തിക്കളഞ്ഞ ചക്കമടല്‍ മെഴുക്ക് പുരട്ടിക്ക് ഉത്തമമാണ്. ചക്ക ചിപ്‌സിനും വലിയ ഡിമാന്റുണ്ട്.
ചക്കക്കുരു നല്ലൊരു ഭക്ഷ്യ വസ്തുവാണ്. ചക്കക്കുരു ചുട്ടതും കറിവച്ചതും തോരന്‍വച്ചതും എല്ലാം ഒരുകാലത്ത് കേരളത്തിലെ പ്രധാന വിഭവങ്ങളായിരുന്നു. പച്ചത്തേങ്ങ അരച്ച് വയ്ക്കുന്ന ചക്കക്കുരു-മാങ്ങാ കറിയെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാം. ചക്കയുടെ പുറംതോട് വീട്ടിലെ കന്നുകാലികളുടെ ഇഷ്ട ഭക്ഷണവും. പ്ലാവിന്റെ ഇലയാണ് കേരളത്തിലെ ആടുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം.
മരം ആണെങ്കില്‍ ഫര്‍ണിച്ചര്‍ നിര്‍മാണത്തില്‍ ഏറ്റവും ഡിമാന്റ് ഉള്ളതും. ബീറ്റാ കരോട്ടിന് അടങ്ങിയതിനാല്‍ ചക്കയ്ക്ക് അര്‍ബുദത്തെ തടയാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്നു.
ഇല്ലിനോയി സര്‍വകലാശാല നടത്തിയ പഠനത്തില്‍ ചക്കയില്‍ അടങ്ങിയിരിക്കുന്ന ജാക്വിലിന്‍ ഘടകത്തിന് എയിഡ്‌സ് വരെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. ചക്കയിലെ വൈറ്റമിന്‍-സി ആണ് രക്തത്തിലെ പ്രമേഹത്തെ നിയന്ത്രിക്കുന്നത്. പൊട്ടാസ്യം രക്ത സമ്മര്‍ദ്ദം കുറയ്ക്കും. ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാന്‍ ചക്ക കുരുവിനും കഴിവുണ്ട്. ശരീര കലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനുള്ള കഴിവും ചക്കയ്ക്ക് ഉണ്ടത്രേ.
പ്ലാവിന്റെ തടിയുടെ പൊടിയില്‍ ആലം ചേര്‍ത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കള്‍ വസ്ത്രം നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. പ്ലാവില കുമ്പിള് കുത്തി പണ്ട് സ്പൂണിന് പകരം കഞ്ഞി കുടിക്കാനായി ഉപേയാഗിച്ചിരുന്നു. ജൈവവളമായി കൃഷിക്ക് ഉപയോഗിക്കാറുണ്ട്. വേരും കൊമ്പുകളും വിറകായി കത്തിക്കാം. ഇങ്ങനെയൊക്കെ ആയ പ്ലാവിനേയും കല്‍പവൃക്ഷം എന്ന് വിളിക്കുന്നതില്‍ അപാകതയില്ല.
പഴുത്ത ചക്കയുടെ മണം ദൂരെ നിന്നേ കിട്ടും. പലപ്പോഴും ഈച്ചകളും മറ്റ് ഷഡ്പദങ്ങളും ഈ മണം കേട്ട് എത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പ്ലാവുകള്‍ മുറിച്ച് കളയുന്നതിന് ചിലര്‍ പറയുന്ന ന്യായീകരണവും ഇത് തന്നെ. എന്നാല്‍ അത്രയേറെ രുചികരമാണ് പഴുത്ത ചക്ക. വറെതേ തിന്നുക മാത്രമല്ല, അതുകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. വരട്ടിയെടുത്ത ചക്ക ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാവുന്ന ഒന്നാണ്.
അതുപയോഗിച്ച് പായസവും ഉണ്ടാക്കാം. പഴുത്ത ചക്ക കൊണ്ടുള്ള ജാമും ഹല്‍വയും എല്ലാം ഏറെ രുചികരം തന്നെ. ഇനി ചക്കകൊണ്ട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം. ചക്ക സാന്‍ഡ്‌വിച്ച്, ചക്ക ബര്‍ഗര്‍, ചക്ക കട്‌ലറ്റ്, ബോണ്ട, ഹല്‍വ, ജാം, ചക്കച്ചുള ഉണക്കിപ്പൊടിച്ച പുട്ട്…അങ്ങനെ നീളുന്നു ആ പട്ടിക. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ ആവശ്യക്കാര്‍ ഏറെയാണ്.
പ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം. വരിക്ക, കൂഴ (പഴപ്ലാവ്) എന്നിങ്ങനെ. വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോള്‍ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്‌നാട്ടിലെ കല്ലാര്‍-ബര്‍ലിയാര്‍ ഗവേഷണകേന്ദ്രത്തിലാണ് പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങള്‍ ഇവിടെയുണ്ട്. ടി-നഗര്‍ ജാക്ക് എന്നയിനമാണിതില്‍ ഏറ്റവും മികച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാന്‍സിഡാ, മാമ്മത്ത്, എവര്‍ബെയര്‍, റോസ്സെന്റ്‌സ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. സംസ്ഥാനത്ത് നിന്ന് വന്‍തോതില്‍ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്.
ഇനി ഒരു കാര്യം…’വേണേല്‍ ചക്ക വേരിലും കായ്ക്കും…’