മനുഷ്യൻറെ പുരോഗതിക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്തത് ഭാഷയുടെ വികസനമാണ്. അല്ലെങ്കിൽ മനുഷ്യൻറെ പുരോഗതിയോടൊപ്പം ഭാഷയുടെ വികസനവും സാധ്യമായി എന്നും ചിന്തിക്കാം. ഏതൊരു സംസ്കാരത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. ആളുകൾ പരസ്പരം ആശയവിനിമയം നടത്തുന്നതിനും ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും സാമൂഹ്യ ബോധം സൃഷ്ടിക്കുന്നതിനുമുള്ള വഴിയാണിത്.
അതുപോലെ തന്നെ മനുഷ്യൻറെ പുരോഗതിയോടൊപ്പം സമൂഹം ഒരു പുരുഷാധിപത്യ സമൂഹമായി മാറി തീർന്നു. ഒരുപക്ഷേ ആദിമ മനുഷ്യർ കൂട്ടമായി വേട്ടയാടുകയും ആഹാരം തേടുകയും കൂട്ടമായി ജീവിച്ചിരുന്നതായുമാണ് നാം മനസ്സിലാക്കുന്നത്. ഇന്നും ഇത്തരത്തിലുള്ള ആദിവാസി സമൂഹങ്ങളിൽ ഇത് നമുക്ക് പ്രകടമായി കാണാൻ സാധിക്കുന്നുണ്ട്.
പിൽക്കാലത്ത് അവർ അത്തരം ജീവിതരീതിയിൽ നിന്നും മാറി ഗോത്രങ്ങളായും കുടുംബങ്ങളായും ഒക്കെ മാറുന്നത് നമുക്ക് കാണാൻ സാധിക്കും. ഒരുപക്ഷേ ഇത്തരത്തിൽ കുടുംബങ്ങളായി കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കണമെന്ന് ഉള്ള ചിന്താഗതിയിൽ നിന്നായിരിക്കാം കൂടുതൽ കുട്ടികളെ ജനിപ്പിക്കുകയും, അവർ കൂടുതൽ കൃഷിസ്ഥലങ്ങൾ ഒരുക്കിയും വ്യാപാരങ്ങൾ നടത്തിയും കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്ക് വഴിമാറാൻ തുടങ്ങിയത്. ഇതോടൊപ്പം സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ ജോലികളും കടമകളും നിശ്ചയിച്ചുകൊണ്ട് സ്ത്രീകളെ മറ്റു ജോലികളിൽ നിന്നും മാറ്റി വീടുകളിലേക്ക് ഒതുക്കി നിർത്തി. ഇതിന് ഓരോ കാലങ്ങളിലുമുള്ള സാമൂഹ്യ വ്യവസ്ഥിതികളും മത ജാതി വംശങ്ങളുടെ ആവിർഭാവവും അവരുടെ രീതികളും കൂടുതൽ പ്രോത്സാഹനവും ഊർജവും പകർന്നിരുന്നു.
മറ്റ് സാമൂഹിക വ്യവസ്ഥകളെപ്പോലെ, പുരുഷാധിപത്യവും മനുഷ്യർ സൃഷ്ടിച്ചതാണ്. ഒരുപക്ഷേ വ്യത്യസ്തമായ ലിംഗങ്ങളിൽ, പുരുഷന് കൂടുതൽ കായിക ക്ഷമത ഉണ്ടെന്ന് മനസ്സിലാക്കി, കൂടുതൽ ജോലികൾ ചെയ്യുവാനായി ആൺകുട്ടികളാണ് ജനിക്കേണ്ടതെന്ന ഒരു ബോധവും ഇത്തരം സമൂഹങ്ങളിൽ ഉണ്ടാക്കിയെടുത്തു. ഇങ്ങനെയായിരിക്കാം ഒരു പുരുഷാധിപത്യ ചിന്താഗതിയും ലിംഗ വിവേചനവും പ്രത്യക്ഷമായി ത്തന്നെ സമൂഹത്തിൽ ഉടലെടുത്തു തുടങ്ങിയത്. കുടുംബത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യ മനോഭാവം എല്ലായ്പ്പോഴും ആൺകുഞ്ഞിനോട് മുൻഗണന കാണിക്കുന്നു എന്നുള്ളതാണ്. ആൺമക്കൾ സാമൂഹിക സുരക്ഷയുടെ കാവൽക്കാരായി കണക്കാക്കപ്പെടുകയും സ്ത്രീകൾ പുരുഷ മേധാവിത്വത്തിന് കീഴിലായിത്തീരുകയും ചെയ്തു. ഇത്തരത്തിൽ മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഭാഷകളിലും ആ പുരുഷാധിപത്യ ശൈലികൾ കടന്നുകൂടി.
എന്നാൽ ഇന്ന് ഈ ആധുനിക കാലഘട്ടത്തിൽ പുരോഗതിയിലേക്ക് കുതിക്കുന്ന സമൂഹങ്ങളിൽ മനുഷ്യൻറെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, തീരുമാനങ്ങൾ എടുക്കുന്ന സ്ഥാനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഉൾപ്പെടെ, സമൂഹത്തിൽ സ്ത്രീയും, പുരുഷനും, ഭിന്ന ലിംഗക്കാരും തുല്യരായി പരിഗണിക്കപ്പെടേണ്ടതും കാണേണ്ടതുമാണെന്ന വിശ്വാസമാണ് ലിംഗസമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഒരു മൗലിക മനുഷ്യാവകാശവും സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ഒരു ലോകത്തിന് ആവശ്യമായ അടിത്തറയുമാണ്.
ചില ജോലികൾ പുരുഷന്മാർക്ക് മാത്രം ഉള്ളതാണെന്നു കാണുക, സ്ത്രീകളുടെ കഴിവുകളെ കുറച്ച് കാണുക, രണ്ട് ലിംഗങ്ങൾ മാത്രമേ ഉള്ളൂവെന്ന് വിശ്വസിക്കുക തുടങ്ങിയവ പുരുഷാധിപത്യത്തിന്റെ പ്രത്യക്ഷമായ ഉദാഹരങ്ങളാണ്.
ഗോത്രങ്ങളിൽ നിന്നും കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബങ്ങളിലേക്ക് മാറിയപ്പോൾ പുരുഷാധിപത്യ മനോഭാവങ്ങളിൽ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസ രീതികളും ഇതിന് ആക്കം കൂട്ടാൻ സഹായിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ അടുക്കളയിൽ പുരുഷന്മാർ പ്രവേശിക്കുന്നത് വളരെ മോശവും പരിഹാസ്യവുമായിരുന്നു എന്ന് കരുതിയിരുന്ന കാലത്ത് നിന്നും, സ്ത്രീയും പുരുഷനും തുല്യരാണെന്നും, രണ്ടുപേരും തുല്യരായി ജോലി ചെയ്യണമെന്നും, അതുപോലെ തുല്യത എല്ലാക്കാര്യങ്ങളിലും ഉണ്ടാകണമെന്നും ചിന്തിക്കുന്ന ഒരു പുതു തലമുറയുണ്ടായിട്ടുണ്ടെന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണ്. ഒരു പക്ഷെ പുരുഷാധിപത്യ മനോഭാവം തലമുറകളിലൂടെ പകർന്ന് കൊടുത്തു വന്നതായിരുന്നു. അണു കുടുംബങ്ങളുടെയും പുതിയ കുടുംബ വ്യവസ്ഥയുടെയും ആവിർഭാവത്തോടെ ആ പകർച്ചക്ക് ഒരു പരിധിവരെ കുറവ് വന്നു എന്ന് കരുതാം.
അതുപോലെ തന്നെ ലിംഗഭേദം ഉൾക്കൊള്ളുന്ന ഭാഷ ഉപയോഗിക്കുക എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ഒരു പ്രത്യേക ലിംഗത്തിനെതിരെ വിവേചനം കാണിക്കാത്ത വിധത്തിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നതാണ്.
സാംസ്കാരികവും സാമൂഹികവുമായ മനോഭാവങ്ങൾ രൂപപ്പെടുത്തുന്നതിൽ ഭാഷയുടെ പ്രധാന പങ്ക് കണക്കിലെടുക്കുമ്പോൾ, ലിംഗഭേദം ഉൾക്കൊള്ളുന്ന ഭാഷ ഉപയോഗിക്കുന്നത്, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും, ലിംഗ വിവേചനം ഇല്ലാതാക്കുന്നതിനുമുള്ള ശക്തമായ മാർഗമാണ്. അവൻ, അവൾ അല്ലെങ്കിൽ ‘He /She’ എന്ന വിളിക്കുന്നത്കൊണ്ട് എന്ത് പ്രയോജനമാണെന്ന് മനസ്സിലാകുന്നില്ല. പൊതുസമൂഹത്തിൽ ഒരു വ്യക്തി സ്ത്രീയാണോ പുരുഷനാണോ എന്ന് അറിയുന്നത് കൊണ്ട് ജീവ ശാസ്ത്രപരമായ പ്രത്യേകതകൾക്കപ്പുറത്ത് എന്ത് പ്രയോജനമാണ് ഒരാൾക്കുള്ളത്.
ഒരു ആശുപത്രിയിലാണെങ്കിൽ അതിന്റെ യുക്തി നമുക്ക് മനസ്സിലാക്കാം. ഒരു മെയിൽ അയയ്ക്കുമ്പോൾ അത് ആർക്കാണോ അയയ്ക്കുന്നത് അവരുടെ ലിംഗമറിയുന്നതിൽ എന്ത് യുക്തിയാണുള്ളത്. ഇഗ്ളീഷിലും മലയാളത്തിലും മറ്റ് പല ഭാഷകളിലും ഉള്ള പല പദ പ്രയോഗങ്ങളും ഇന്ന് ചിന്തിക്കുമ്പോൾ യുക്തിപരമല്ല എന്ന് തോന്നാറുണ്ട്. ഇഗ്ളീഷിൽ “Manpower” ‘Manmade’ ‘Manhole’ തുടങ്ങിയവയും മലയാളത്തിൽ പൊതുവെ ഉപയോഗിക്കുന്ന “പുരുഷാരം” “പുരുഷായുസ്” എന്നീ പദങ്ങളും ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഈ അടുത്തായി ഇന്ത്യൻ സുപ്രീംകോടതി ഒരു സുപ്രധാന കൈ പുസ്തകം പുറത്തിറക്കി. സ്ത്രീകൾക്കെതിരായ മുൻവിധി നിറഞ്ഞ ലിംഗ വിവേചനപരമായ തെറ്റായ പദപ്രയോഗങ്ങൾക്ക് പകരം കോടതികൾ ഉപയോഗിക്കേണ്ട ബദൽ വാക്കുകൾ നിർദ്ദേശിച്ചിട്ടുള്ളതാണ് ഇത്. വളരെ സ്വാഗതാർഹമായ വലിയ ഒരു മുന്നേറ്റത്തിന് ഇന്ത്യയിൽ കളമൊരുക്കാൻ ഇത് സഹായിക്കും എന്നാണ് വിശ്വസിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങൾ കോടതി മുറിക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പൊതു സമൂഹത്തിലേക്ക് വരേണ്ടതുണ്ട്.
ഐക്യരാഷ്ട്രസഭയിലും ഇത്തരത്തിൽ ഒരു മാറ്റം വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിട്ടുണ്ട്. ലിംഗഭേദം ഉൾക്കൊള്ളുന്ന രീതിയിൽ ഐക്യരാഷ്ട്രസഭയിലെ ജീവനക്കാർക്ക് ആശയവിനിമയം നടത്താൻ ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലിംഗഭേദം ഉൾക്കൊള്ളുന്ന ഭാഷ ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനുള്ള നിരവധി ശുപാർശകൾ ഉൾപ്പെടുന്ന പുസ്തകങ്ങളും പഠന സഹായികളും അതിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. വാക്കാലുള്ളതോ രേഖാമൂലമോ, ഔപചാരികമോ, അനൗപചാരികമോ, അല്ലെങ്കിൽ ആന്തരികമോ ബാഹ്യമോ ആയ പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് ഈ മാറ്റങ്ങൾ.
ലിംഗഭേദം ഉള്ള ഭാഷകളിൽ അതിന്റെ പ്രയോഗങ്ങളിൽ വ്യക്തികൾക്കും വസ്തുക്കൾക്കും അവയുടെ ഗുണങ്ങളെക്കുറിച്ചും സ്ത്രീലിംഗമോ പുരുഷലിംഗമോ ആയ വേർതിരിവുകൾ ഉണ്ടാക്കിയിരിക്കുന്നു. ഓരോ വാക്കിൻറെയും ലിംഗ വ്യത്യാസത്തിലുള്ള പ്രയോഗങ്ങളിലൂടെ പലപ്പോഴും സ്ത്രീകളെ മോശപ്പെട്ട രീതിയിൽ ചിത്രീകരിക്കുന്നതും കാണാം. വ്യാകരണത്തിൽ ലിംഗഭേദം ഉപയോഗിക്കുന്ന ഭാഷകൾ പഠിക്കുന്നവർക്ക് ഇത്തരം വാക്കുകളുടെ ബാഹുല്യം പഠനം വളരെ ക്ലേശകരമാക്കുന്നു എന്നും മനസ്സിലാക്കാം.
ലിംഗഭേദം ഉൾക്കൊള്ളുന്ന ഭാഷ നമ്മുടെ പെരുമാറ്റത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന ഒന്നാണ്. എല്ലാവരേയും ഒരേ രീതിയിൽ കാണുവാനും ബഹുമാനിക്കാനും ലിംഗഭേദം ഉൾക്കൊള്ളുന്ന ഭാഷ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
പണ്ട് ഭാഷകൾ പല രീതിയിൽ രൂപപ്പെട്ടെങ്കിൽ ഇന്ന് സർക്കാരുകൾക്ക് ആവശ്യമായ മാറ്റങ്ങൾ ഭാഷകളിൽ വരുത്തുവാൻ സാധിക്കും. അത് ഒരു പ്രത്യേക ഭാഷ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ, ഭാഷകളിൽ വരുത്തേണ്ട, പ്രത്യകിച്ച് ഇന്നത്തെ ആധുനിക സമൂഹത്തിന് ചേർന്ന വിധത്തിലുള്ള ലിംഗ ഭേദം ഉൾകൊള്ളുന്ന പദാവലികൾ ചേർക്കേണ്ടതാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതായ കാര്യം. ലിംഗ വിവചനം ഇല്ലാതാക്കാനായി, ലിംഗ സമത്വത്തിനായി ഏറ്റവും കാര്യക്ഷമമായി ആദ്യം ചെയ്യേണ്ടത് ഭാഷകളിലെ ലിംഗ പ്രയോഗങ്ങൾ ഇല്ലാതാക്കേണ്ടതാണ്. അത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല എങ്കിലും സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കും.
അതിലൂടെ മനുഷ്യൻ കൂടുതൽ സാമൂഹ്യ പുരോഗതിയിലേക്ക് എത്തിച്ചേരട്ടെ.