ജോയ്‌സ് തോന്ന്യാമല
എന്താണ് സ്വത്വം..?
മമത അല്ലെങ്കില്‍ വ്യക്തിത്വം എന്നാണ് ഈ വാക്കിനര്‍ത്ഥം.
എന്നാല്‍ നമ്മുടെ ഇടയില്‍ ഇതൊന്നുമില്ലാത ജീവിക്കുന്ന ധാരാളം പേരെ നിത്യവും കണ്ടുമുട്ടാറുണ്ട്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ ചില യൂത്തന്‍മാരുടെ താന്‍പോരിമയും അനുസരണക്കേടും പൈതൃകത്തെ പുഛിച്ചു തള്ളുന്ന ന്യൂജെന്‍ സമീപനവും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
പള്ളിയില്‍ ആയാലും അമ്പലത്തില്‍ ആയാലും മറ്റു സാമൂഹ്യ കൂട്ടായ്മകളുടെ ഇടങ്ങളില്‍ ആയാലും മുതിര്‍ന്നവരുടെ അഭിപ്രായങ്ങളെ മുച്ചൂടും തള്ളിപ്പറയുന്ന രീതി അനഭിലഷണീയമാണ്. ജന്മം നല്‍കി വളര്‍ത്തി വലുതാക്കി പറക്കമുറ്റിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിച്ച മാതാപിതാക്കളെയും ഗുരുജനങ്ങളെയും മതനേതാക്കളെയും ആധ്യാത്മിക വ്യക്തിത്വങ്ങളെയും പാടെ ആക്ഷേപിക്കുന്നത്, അവരുടെ അഭിപ്രായങ്ങളെ തൃണവല്‍ഗണിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.
ഒരാളെ തെരുവിലിരുന്ന് കുറ്റപ്പെടുത്തുന്ന, അപ്രിയമായി സംസാരിക്കുന്ന വ്യക്തിയെ സാധാരണനിലയ്ക്ക് നമ്മള്‍ ആരും ഇഷ്ടപ്പെടാറില്ല. എന്നാല്‍ ഉണര്‍ന്ന ബോധത്തോടെ ഒരു സാക്ഷിയായാണ് നിങ്ങളയാളെ നോക്കുന്നതെങ്കില്‍ നിങ്ങള്‍ ഇങ്ങനെ സ്വയം പറഞ്ഞുവെന്നുവരാം…”നിങ്ങളെപ്പറ്റി പറയുന്നത് ശരിയാണ്. അത് അന്യായമല്ല. അയാള്‍ ഞാനൊരു കള്ളനാണെന്ന് പറയുന്നു. അതെ, ഞാനൊരു കള്ളനാണ്…”
തുടര്‍ന്ന് നിങ്ങളയാളെ വണങ്ങി, അയാളുടെ പാദം സ്പര്‍ശിച്ച് ഇങ്ങനെ പറഞ്ഞേക്കാം…”നിങ്ങളെ കണ്ടത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. നിങ്ങളൊരു പ്രസ്താവന നടത്തി, ഞാനൊരു കള്ളനാണെന്ന്. നിങ്ങള്‍ എന്നെ ഉണര്‍ത്തി. ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു.
ഇതുപോലെ സദാ എന്റെ നേരെ ദയ കാട്ടുക. എന്നിലെന്തെങ്കിലും കുറവ് കാണുകയാണെങ്കില്‍ അതപ്പോള്‍ത്തന്നെ എന്നോട് ദയവായി പറയുക. ഒരാളുടെ തെറ്റ് വിളിച്ചു പറയുന്നൊരാള്‍ അയാളുടെ സുഹൃത്താകുന്നു. ഒരാളുടെ തെറ്റിനു നേരെ കണ്ണടയ്ക്കുന്ന ഒരാള്‍ അയാളുടെ ശത്രുവാകുന്നു. ഇപ്പോഴെങ്കിലും ഒരാള്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നുവെങ്കില്‍, അയാളെ നിങ്ങളുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തി പറയുക…”
”നിങ്ങള്‍ ഇനി എവിടെയും പോകരുത്. എന്റെ വീട്ടുമുറ്റത്ത് ഞാന്‍ നിങ്ങള്‍ക്കൊരു പാര്‍പ്പിടം പണിതു തരാം. നിങ്ങളുടെ താമസത്തിനാവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും ഞാന്‍ ചെയ്യുന്നതാണ്. കാരണം നിങ്ങള്‍ അകലത്താണ് പാര്‍ക്കുന്നതെങ്കില്‍ നാം വല്ലപ്പോഴും മാത്രമേ കാണുകയുള്ളു. നിങ്ങള്‍ക്ക് എന്നെ പറ്റിയുള്ള തെറ്റുകള്‍, ന്യൂനതകള്‍ പറയാനുള്ള അവസരം നിങ്ങള്‍ക്കുണ്ടാവുകയുമില്ല. അതുകൊണ്ടെന്റെ അരികത്തായി പാര്‍ക്കുക, നോക്കുക, എന്റെ തെറ്റുകള്‍ കണ്ടാല്‍ അന്നേരം തന്നെ അത് പറയുക. ഒന്നും ഒളിച്ചു വയ്ക്കാതെ എനിക്ക് ഇഷ്ടപ്പെടുമോ, എന്നെ നോവിക്കുമോ എന്നൊന്നും ചിന്തിച്ച്, നിങ്ങള്‍ക്ക് തോന്നുന്നത് മറച്ചുവയ്ക്കാതെ അത് പറയുക. ശക്തമായ ഭാഷയില്‍ വ്യക്തതയോടെ എന്റെ പോരായ്മകള്‍ക്കു നേരെ നിങ്ങളുടെ നാവ് ചലിക്കണം…”
ഉള്ളില്‍ സംസ്‌കാരത്തിന്റെ ആരോഗ്യമുള്ള ഒരാള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പതറിപ്പോകുന്നില്ല. കോപിക്കുന്നില്ല പകരം വിളിച്ചു പറയുന്നില്ല. നന്മയും ലക്ഷ്യബോധവുമുള്ള ഒരാള്‍ വിമര്‍ശിക്കുമ്പോഴും വ്യക്തിപരമായി വേദനയുണ്ടാകുന്ന തരത്തില്‍ ഒന്നും പറയുന്നില്ല. മൂല്യമുള്ള രണ്ടുപേര്‍ പരസ്പരം വിമര്‍ശിക്കുമ്പോള്‍ അത് ചിലപ്പോള്‍ അതിരുകടക്കുകയാണെങ്കില്‍ പോലും അവരുടെ ഉള്ളിലുള്ള സംസ്‌കാരവും വെളിച്ചവും മാധുര്യവുമാവും പ്രത്യക്ഷമാവുക.
ഒരിക്കല്‍ കോഴിക്കോട്ടെ മിഠായിത്തെരുവില്‍ മുഖാമുഖം കച്ചവടം നടത്തുന്ന രണ്ടു വ്യാപാരികള്‍ തമ്മിലൊരു കലഹമുണ്ടായി. ആദ്യം അവര്‍ വാക്കുകള്‍ കൊണ്ടും അതുമതിയാവാതായപ്പോള്‍ ഭരണികള്‍ നിറച്ചുവച്ച മധുരപലഹാരങ്ങള്‍ കൊണ്ടും പരസ്പരം എറിയാന്‍ തുടങ്ങി. കാണികള്‍ക്കത് വളരെ മധുരമായൊരനുഭവമായി. കാരണം അവര്‍ക്ക് ഒരു ചെലവുമില്ലാതെ ഇഷ്ടം പോലെ മധുരപലഹാരങ്ങള്‍ കിട്ടി.
സംസ്‌കാര മാധുര്യമുള്ള രണ്ടു വ്യക്തികള്‍ അന്യോന്യം വിമര്‍ശിക്കുമ്പോള്‍ അതു കേള്‍ക്കുന്ന ഒരാള്‍ക്ക് അവരുടെ ഉള്ളിലുള്ള മാധുര്യം, സംസ്‌കാരം, അറിവ് പകര്‍ന്നു കിട്ടുകയാണ്. ഇതൊന്നുമില്ലാത്ത രണ്ടുപേരാണ് വിമര്‍ശിക്കുന്നതെങ്കില അത് കേള്‍ക്കുന്നവര്‍ക്ക് ക്ഷീണവും കയ്പ്പും ഇരുട്ടുമാണനുഭവപ്പെടുക.
സെന്‍ഗുരുവായ ചു ആങ്ത്‌സുവിന്റെ ഒരു നിരീക്ഷണം ഇങ്ങനെ:
”നിങ്ങള്‍ ഇതെവിടെനിന്ന് പഠിച്ചു..?” നാന്‍പോ ചോദിച്ചു
”ഞാനിത് മഷിയുടെ മകനില്‍ നിന്ന് പഠിച്ചു…” നൂയു തുടര്‍ന്ന് പറഞ്ഞു
”മഷിയുടെ മകന്‍ ഇത് ജ്ഞാനത്തിന്റെ മൂത്ത മകനില്‍ നിന്ന് പഠിക്കുകയും ജ്ഞാനത്തിന്റെ മൂത്തമകന്‍ ഇത് ധാരണയില്‍ നിന്ന് പഠിക്കുകയും ധാരണ ഇത് ഉള്‍ക്കാഴ്ചയില്‍ നിന്ന് പഠിക്കുകയും ഉള്‍ക്കാഴ്ച ഇത് പ്രയോഗത്തില്‍ നിന്ന് പഠിക്കുകയും പ്രയോഗം ഇത് ഗാനത്തില്‍ നിന്ന് പഠിക്കുകയും ഗാനം ഇത് നിശബ്ദതയില്‍ നിന്ന് പഠിക്കുകയും നിശബ്ദത ഇത് ശൂന്യതയില്‍ നിന്ന് പഠിക്കുകയും ശൂന്യത ഇത് ഉത്പ്പത്തിയില്‍നിന്ന് പഠിക്കുകയും ചെയ്തു…”
നമുക്ക് നമ്മുടെ സാംസ്‌കാരിക പൈതൃതത്തില്‍ ഉറച്ചുനിന്ന് പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും മുതിര്‍ന്ന തലമുറയോട് ആദരവോടെ പെരുമാറാനും പഠിക്കാം. പഠിക്കണം…