Wednesday, November 13, 2024

HomeColumnsആദർശ് എന്നത് വെറുമൊരു പേരല്ല ഈ കൗമാരക്കാരന്

ആദർശ് എന്നത് വെറുമൊരു പേരല്ല ഈ കൗമാരക്കാരന്

spot_img
spot_img

ആദർശ് എന്നത് വെറുമൊരു പേരല്ല ഈ കൗമാരക്കാരന്. ചെറുപ്രായത്തിൽ തന്നെ സമൂഹത്തിന്റെ അഭിവൃദ്ധിക്കായും, ഭാവി തലമുറക്കായും ആദർശോന്മുഖമായ ഒട്ടനവധി ആശയങ്ങൾ സംഭാവന ചെയ്ത മിടുക്കനാണ് ആദർശ് എന്ന കൗമാരക്കാരൻ. കേരളത്തിൽ മാത്രമല്ല ഡൽഹിയിലും അടുത്തിടെ താരമായ, ഇന്ത്യ ഗവൺമെന്റിന്റെ ദേശീയ വികസന ഏജൻസി നൽകുന്ന ‘ഭാരത് സേവക്’ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് ഇതിനകം അർഹനായ ആദർശിനെപ്പറ്റി..

കേരളത്തെ നടുക്കിയ കൊല്ലം ജില്ലയിലെ പുറ്റിങ്ങൽ വെടിക്കെട്ടപകടം നടക്കുമ്പോൾ വെറും 10 വയസ്സു മാത്രമായിരുന്നു ആദർശന്റെ പ്രായം.110 പേർ മരിക്കുകയും 300 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ദുരന്തം കേരളത്തിനിന്നും ഒരു തീരാവേദനയാണ് ..ആ അപകടത്തിന്റെ വേദന മനസ്സിലേറ്റു വാങ്ങുകയും ദുരന്ത ബാധിതരെ ഹൃദയത്തിൽ ചേർത്തുപിടിക്കുകയും മാത്രമല്ല , കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് എക്കാലത്തേക്കും മാതൃകയാവുകയും ചെയ്ത ആദർശ് എന്ന കൗമാരക്കാരൻ സമാനതകളില്ലാത്ത സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുകയാണ്.

2016 ഏപ്രിൽ 10 നാണ് കൊല്ലം ജില്ലയിലെ പരവൂരിനടുത്തുള്ള പുറ്റിങ്ങൽ ക്ഷേത്രത്തിൽ നാടിനെ നടുക്കിയ വെടിക്കെട്ടപകടം നടന്നത്. തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ നെയ്യാറ്റിൻകരക്കടുത്ത വ്‌ലാത്താങ്കര വൃന്ദാവൻ സ്‌കൂളിൽ അന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദർശിന്റെ മനസ്സിൽ , പാതി വെന്ത ശരീരങ്ങളുമായി മരണത്തോട് മല്ലടിക്കുന്ന ദുരന്തബാധിതരെ എങ്ങനെയെങ്കിലുമൊക്കെ സഹായിക്കണമെന്ന ചിന്ത അന്നുതന്നെ ആഴത്തിൽ വേരോടി. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞപോലെ ആ അഞ്ചാം ക്ലാസ്സുകാരൻ തന്റെ കയ്യിലാകെയുണ്ടായിരുന്ന 10 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോസ്റ്റ് ഓഫീസിലൂടെ സംഭാവന ചെയ്തു.

സഹായം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. ശിശുസഹജമായ ആഗ്രഹങ്ങൾക്കെല്ലാം കടിഞ്ഞാണിട്ടു കൊണ്ട് എല്ലാ മാസവും ആദർശിന്റെ 10 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിത്തുടങ്ങി.
അതൊരു മഹാസംരംഭത്തിന്റെ തുടക്കമായിരുന്നു…..

മുറ തെറ്റാതെ എത്തുന്ന പത്തു രൂപയുടെ ഉറവിടം ഒരു പത്തു വയസ്സുള്ള വിദ്യാർത്ഥിയാണെന്ന് അറിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനും അത്ഭുതം. അവർ വിവരം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
അങ്ങനെയാണ് മുഖ്യമന്ത്രിയുമായിയിട്ടുള്ള ആദർശിന്റെ ആദ്യത്തെ കൂടിക്കാഴ്ച 2018 ഡിസംബറിൽ നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കുമെന്നു തോന്നുന്നു വെറും പത്തു വയസ്സുള്ള വിദ്യാർത്ഥിയുമായി സംസ്ഥാന ഭരണത്തലവൻ ഒരു കൂടിക്കാഴ്ച്ച നടത്തുന്നത്.

എന്തായാലും മുഖ്യമന്ത്രിയുമായുള്ള ആ കൂടിക്കാഴ്ച ആദർശിന്റെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു. ഒരു നൂതന ആശയവുമാണ് ആദർശ് അന്ന് മുഖ്യമന്ത്രിയെ കണ്ടത്.
പ്രളയവും പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളുമെല്ലാം കേരളത്തിന്റെ സാമൂഹിക ജീവിതത്തെ പിടിച്ചുലച്ച ഒരു കെട്ട കാലമായിരുന്നു അത്. ആ സാഹചര്യത്തിൽ പ്രത്യാശയുടെ നെയ്ത്തിരി വെളിച്ചവുമായ് ആദർശ് ഒരു പുതിയ ആശയം മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഭരണസിരാ കേന്ദ്രങ്ങളിലെ ഉേദ്യാഗസ്ഥരെ പോലും അമ്പരിപ്പിച്ച ആ കുരുന്നു ചിന്ത ഇങ്ങനെയായിരുന്നു…

‘കേരളത്തിലെ എല്ലാ ഗവർണ്മന്റ് മാനേജ്‌മെന്റ് വിദ്യാലയങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന പേരിൽ ഒരു മണി ബോക്‌സ് സ്ഥാപിക്കുക. വിദ്യാർത്ഥികൾ കഴിയുന്നതു പോലെ ഇതിൽ നിക്ഷേപിക്കുന്ന തുക വർഷാവസാനം അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുക…..’

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനോടൊപ്പം മറ്റൊരു മഹത്തായ ലക്ഷ്യം കൂടെ അന്ന് ആദർശിന്റെ മനസ്സിൽ ഉണ്ടായിരുന്നു.ഇന്ന് വിദ്യാലയങ്ങളെ ചുറ്റിപ്പറ്റി കേരളത്തിൽ ഒരു വലിയ ലഹരി മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. കയ്യിൽ ആവശ്യത്തിലധികം പണവുമായി വരുന്ന സമ്പന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെയാണ് ലഹരി വില്പനക്കാർ ലക്ഷ്യം വയ്ക്കുന്നത്. അത്തരം വിദ്യാർത്ഥികളുടെ കയ്യിലുള്ള പണത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുകയും ഒരു പരിധി വരെ അവരെ ലഹരിയുടെ ഗുഹാമുഖങ്ങളിൽ നിന്നും രക്ഷിക്കുക എന്ന ഒരു വലിയ ദീർഘവീക്ഷണവും ഈ ആശയത്തിന്റെ പിന്നിൽ ആദർശ് വിഭാവനം ചെയ്തിരുന്നു.

ആദർശിന്റെ മണി ബോക്‌സ് എന്ന പദ്ധതിയുടെ ഫലം അൽഭുതാവഹമായിരുന്നു.. ഏതാനും ദിവസങ്ങൾക്കുള്ളിൽ 2 കോടി 81 ലക്ഷം രൂപയാണ് മണി ബോക്‌സിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേർന്നത്.

‘പിഞ്ചുഹൃദയം ദേവാലയം’….. എന്നാണ് പ്രശസ്ത കവി ശ്രീകുമാരൻ തമ്പി കുട്ടികളുടെ തങ്കമനസ്സിനെക്കുറിച്ച് എഴുതിയിട്ടുള്ളത്. ആ വരികൾ എത്ര അർത്ഥവത്താണെന്ന് ഈ കൗമാരക്കാരന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു.

ആദർശിന്റെ ഭാവനയിൽ വിരിഞ്ഞ ആശയങ്ങൾക്ക് ഒരു വലിയ അംഗീകാരമായിരുന്നു ഇന്ത്യ ഗവൺമെന്റിന്റെ ദേശീയ വികസന ഏജൻസി നൽകുന്ന ‘ഭാരത് സേവക്’ പുരസ്‌ക്കാരം ഈ പിഞ്ചു ബാലനെ തേടിയെത്തിയത്. ഈ അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് ആദർശ്..
കൂടാതെ ഗ്ലോബൽ ഇന്ത്യ അസോസിയേഷന്റെ 2020ലെ ‘രാജീവ് ഗാന്ധി നാഷണൽ എക്‌സലൻസ് ‘ അവാർഡും ആദർശനായിരുന്നു.. ഡോ : എ പി ജെ അബ്ദുൾ കലാം ബാലപ്രതിഭാ പുരസ്‌കാരം, ജസ്റ്റിസ് ശ്രീദേവി ബാല പ്രതിഭ പുരസ്‌കാരം, തപസ്യ കലാസാഹിത്യവേദിയുടെ ബാലരത്‌ന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് ഇതിനകം ആദർശ് അർഹനായി.

കേരളത്തിൽ മാത്രമല്ല ഡൽഹിയിലും അടുത്തിടെ താരമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. വർഷങ്ങളായി അന്തരീക്ഷ മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന ഡൽഹി നഗരത്തിലെ മലിനീകരണം കുറക്കുവാനുള്ള ഒരു പദ്ധതി ഡെൽഹി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കയാണ് ആദർശ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോറിയ ഈ പദ്ധതി സന്തോഷ പൂർവ്വം സ്വീകരിക്കുകയും ആദർശിനെ അഭിനനന്ദിക്കുകയും ചെയ്തു. ആദർശിന്റെ ഈ പദ്ധതി ഡൽഹിയിലെ പരിസ്ഥിതി മന്ത്രാലയം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്…..

ആദർശും ആദർശിന്റെ കുടുംബവും

ചെങ്കൽ വലിയകുളം അബ്ദുൾ കലാം സിവിൽ സർവ്വീസ് അക്കാദമിയിൽ പഠനം തുടരുന്ന ആദർശിന് ഒരു ഐ പി എസ്സ് കാരനാവണമെന്നാണ് മോഹം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരക്കടുത്തുള്ള വ്‌ലാത്താങ്കര നന്തിലം മേക്കേ കണ്ണേർ വീട്ടിൽ പി.ടി.രമേശൻ നായരുടെയും സി.എസ്.ആശയുടെയും മകനാണ്ആദർശ്.

________________________________________

(കൂടുതൽ വിവരങ്ങൾക്ക് +96566673630)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments