ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വീഡിയോ ചിത്രീകരിച്ച് ഡല്‍ഹിയിലെ കഫേ ഉടമ പുനീത് ഖുറാന. ഭാര്യ മനിക പഹ്‌വയുമായുള്ള വിവാഹമോചന തര്‍ക്കത്തിനിടെയായിരുന്നു പുനീതിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം ഷൂട്ട് ചെയ്ത വീഡിയോയും പുറത്തുവന്നു.
പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് അത് ഭാര്യയുമായും ഭാര്യയുടെ മാതാപിതാക്കളുമായുള്ള വലിയ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയത് എങ്ങനെയാണെന്ന് വീഡിയോയില്‍ പുനീത് പറയുന്നു. തനിക്ക് ഒരിക്കലും താങ്ങാന്‍ കഴിയാത്ത സാമ്പത്തിക ഭാരമാണ് ഭാര്യയും മാതാപിതാക്കളും തന്റേ മേല്‍ ഏല്‍പിച്ചതെന്നും വിവാഹമോചനത്തിനായി 10 ലക്ഷം രൂപ കൂടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടെന്നും പുനീത് വീഡിയോയില്‍ പറയുന്നു.
‘എന്റെ ഭാര്യയുടേയും അവരുടെ മാതാപിതാക്കളുടേയും കടുത്ത പീഡനം കാരണം ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. ഞങ്ങളുടെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായതിനാല്‍ ഞങ്ങള്‍ കോടതിയില്‍ ചില വ്യവസ്ഥകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. 180 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ആ നിബന്ധനകള്‍ നിറവേറ്റണം.
എന്നാല്‍ ഇപ്പോള്‍ അതിലില്ലാത്ത ഒരു പുതിയ നിബന്ധനയുടെ പേരില്‍ എന്റെ ഭാര്യയും അവരുടെ മാതാപിതാക്കളും എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഒരു പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് അവര്‍ പറയുന്നു. അത്രയും പണം കൊടുക്കാനുള്ള സാമ്പത്തികശേഷി എനിക്കില്ല. എനിക്ക് എന്റെ മാതാപിതാക്കളോടും ചോദിക്കാന്‍ പറ്റില്ല. കാരണം അവര്‍ ഇപ്പോള്‍തന്നെ കുറച്ചധികം പണം ചെലവാക്കിയിട്ടുണ്ട്.’-വീഡിയോയില്‍ പുനീത് വിശദീകരിക്കുന്നു.