ലണ്ടൻ: വോക്കിങ്ങിൽ പത്തു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ഉർഫാൻ ഷെറീഫിനെ ജയിലിൽ സഹതടവുകാർ ആക്രമിച്ചു. ബെൽമാർഷ് ജയിലിലാണ് സംഭവം. ട്യൂണ കാനിന്‍റെ അടപ്പു കൊണ്ട് ഷെറീഫിന്‍റെ കഴുത്ത് മുറിച്ചു.
മുറിവുകൾ ഗുരുതരമായിരുന്നെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തു. പത്തു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ സഹതടവുകാർക്ക് ഇയാളോട് കടുത്ത കോപമുണ്ടായിരുന്നു. 71 മുറിവുകളാണ് മകൾ സാറാ ഷെറീഫിന്‍റെ ശരീരത്തിൽ കണ്ടെത്തിയത്.
അസൂത്രണം ചെയ്ത ആക്രമണമായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കഴുത്തിലും മുഖത്തും മുറിവേറ്റ ഷെറീഫ് ഇപ്പോഴും ചികിത്സയിലാണ്. കൊലപാതകം വാർത്തയായതിനെ തുടർന്ന് ഷെറീഫിന് ഭീഷണിയുണ്ടെന്ന് അറിയാമായിരുന്നതിനാൽ ജയിൽ അധികൃതർ സുരക്ഷ ഒരുക്കിയിരുന്നു. എന്നിരുന്നാലും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.