ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. താനെയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിര്‍മ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. പ്രതി ആദ്യം തന്റെ പേര് ബിജോയ് ദാസ് എന്ന് പറഞ്ഞെങ്കിലും പിന്നീട് മുഹമ്മദ് സജ്ജാദ് എന്നാണെന്ന് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞ് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. താനെയിലെ ലേബര്‍ ക്യാമ്പില്‍ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
മുംബൈയിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഡിസിപി സോണ്‍-6 നവ്നാഥ് ധവാലെയുടെ സംഘവും കാസര്‍വദാവലി പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മുഖ്യ പ്രതിയായ വിജയ് ദാസിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും മുംബൈ ക്രൈംബ്രാഞ്ച് പ്രസ്താവനയില്‍ പറഞ്ഞു. അറസ്റ്റിനെക്കുറിച്ച് ഇന്ന് രാവിലെ 9 മണിക്ക് പൊലീസ് മാധ്യമങ്ങളെ അറിയിക്കും.