മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമന്മാരായ ഓപ്പണ്‍ എഐക്കെതിരെ നിയമയുദ്ധത്തിനിറങ്ങി ഇന്ത്യന്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍. പകര്‍പ്പാവകാശ ലംഘനം ആരോപിച്ചാണ് നിയമനടപടി. ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള എന്‍ഡിടിവി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ന്യൂസ്18, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ഇന്ത്യന്‍ മാധ്യമങ്ങളാണ് ചാറ്റ് ജിപിടി നിര്‍മാതാക്കള്‍ക്കെതിരെ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
അനുവാദമില്ലാതെ തങ്ങളുടെ വാര്‍ത്താ വെബ്സൈറ്റുകളില്‍ നിന്നുള്ള കണ്ടന്റുകള്‍ സ്‌ക്രാപ്പ് ചെയ്ത് പുനര്‍നിര്‍മ്മിക്കുന്നുവെന്നും ഇത് പകര്‍പ്പാവകാശ ലംഘനമാണെന്നുമാണ് ആരോപണം. കണ്ടന്റ് മോഷണം ആരോപിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ആദ്യം ഇന്ത്യയില്‍ നിയമയുദ്ധം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് എ.എന്‍.ഐ കേസ് ഫയല്‍ ചെയ്തത്. ഗ്ലോബല്‍ ആന്‍ഡ് ഇന്ത്യന്‍ ബുക്ക് പബ്ലിഷേഴ്‌സും ഇതിനൊപ്പം ചേര്‍ന്നു. പിന്നാലെയാണ് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷനും എന്‍ഡിടിവിയും ഇന്ത്യന്‍ എക്‌സ്പ്രസുമടക്കമുള്ള മാധ്യമ സ്ഥാപനങ്ങളും ഓപ്പണ്‍ എഐയ്‌ക്കെതിരെ നിയമവഴിയിലേക്ക് നീങ്ങിയിരിക്കുന്നത്.
എ.എന്‍.ഐയുടെ നിയമനടപടി സംബന്ധിച്ച് നേരത്തെ ഓപ്പണ്‍ എഐ നല്‍കിയ പ്രതികരണം ഇങ്ങനെയായിരുന്നു.’കമ്പനിക്ക് ഇന്ത്യയില്‍ ഓഫീസോ സ്ഥാപനങ്ങളോ ഇല്ല. ചാറ്റ് ജിപിടിയുടെ ഡാറ്റ സെര്‍വറുകള്‍ ഇന്ത്യക്ക് പുറത്താണ്’. യുഎസിലടക്കം ഓപ്പണ്‍ എഐ ഇതിനോടകം പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്നുണ്ട്.