ഹ്യൂസ്റ്റൺ : അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേർക്ക് പരുക്ക്. രാജ്യത്തെ ഏറ്റവും വലിയ സഭകളിലൊന്നായ ഹൂസ്റ്റണിലെ പാസ്റ്റർ ജോയൽ ഓസ്റ്റീൻ്റെ ലേക്‌വുഡ് പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള സ്ത്രീ ഉച്ചയോടെ പള്ളിയിൽ എത്തുകയായിരുന്നു. ഇവരുടെ കൂടെ ഏകദേശം 4 മുതൽ 5 വയസ്സ് വരെ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുമുണ്ടായിരുന്നു. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറിയ ഇവരുടെ കയ്യിൽ റൈഫിൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പള്ളിക്കകത്ത് കയറിയ ഇവർ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു. ഇരുവരുടെയും നില ഗുരുതരമല്ല.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ പ്രതിയായ യുവതിയെ വെടിവെച്ച് കൊന്നു. തന്‍റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞുവെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബാഗും വാഹനവും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്തിനാണ് യുവതി വെടിയുതിർത്തതെന്ന് വ്യക്തമല്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.