പാലക്കാട്: 2022 ല്‍ മലമ്പുഴയിലെ കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയേയും അനുജനേയും ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടു.
മലമ്പുഴ കടുക്കാംകുന്ന് പാലത്തിന് സമീപം ഇന്നു പുലര്‍ച്ചെയാണ് ബാബുവിന്റെ മാതാവ് മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകന്‍ ഷാജി(23) എന്നിവരെ മരിച്ച നിലയില്‍ കണ്ടത്. മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസിന്റെ നിഗമനം.
2022 ഫെബ്രുവരിയിലാണ് മലമ്പുഴ കുറുമ്പാച്ചി മലയിടുക്കില്‍ ബാബു കുടുങ്ങിപ്പോകുന്നത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സേനകളുടെ സഹായത്തോടെ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23 കാരനെ അന്ന് ദൗത്യസംഘം രക്ഷപെടുത്തിയത്.