കോട്ടയം കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന റാഗിംഗാണ് കോട്ടയം ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ നടന്നത്. മൃഗീയമായ പീഡനവിവരങ്ങളാണ് പുറത്തുവരുന്നത്.
ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി കൈയുംകാലും കട്ടിലില്‍ കെട്ടിയിട്ടു. കഴുത്തുമുതല്‍ കാല്‍പാദംവരെ കോമ്പസും ഡിവൈഡറും ഉപയോഗിച്ച് കുത്തി. മുറിവേറ്റ സ്ഥലങ്ങളില്‍ നിന്നും രക്തം പൊടിഞ്ഞപ്പോള്‍ ലോഷന്‍ പുരട്ടി. സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി. വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ വിദ്യാര്‍ഥിയുടെ വായിലേക്കും ലോഷന്‍ ഒഴിച്ചു. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി. ശരീരമാസകലം ക്രീം പുരട്ടി, മാറില്‍ രണ്ടിടത്തും ക്ലിപ്പ് മുറുക്കി.
ഹോസ്റ്റലില്‍ റാഗിങ്ങിനിരയായ ഒന്നാംവര്‍ഷ ജി.എന്‍.എം. വിദ്യാര്‍ഥികള്‍ നേരിട്ട ക്രൂരപീഡനങ്ങളാണിവ.
സംഭവത്തില്‍ മൂന്നിലവ് വാളകം കീരീപ്ലാക്കല്‍ സാമുവേല്‍ (20), വയനാട് പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജില്‍ ജിത്ത് (20) മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ് (22), കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് (21) എന്നിവരെയാണ് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മൃഗിയമായ ഈ റാഗിംഗ് മറ്റൊരു വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ബ്ലേഡുകൊണ്ട് മുറിഞ്ഞ് ദേഹത്തു നിന്നും രക്തം വാര്‍ന്നൊഴുകുന്ന വീഡിയോയും പോലീസിന് ലഭിച്ചു. കൂടാതെ എല്ലാ ആഴ്ചകളിലും 800 രൂപവീതം ജൂനിയര്‍ വിദ്യാര്‍ഥികള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപാനത്തിനായി നല്‍കണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗൂഗിള്‍ പേ തെളിവുകളും ശേഖരിച്ചു. പീഡനത്തിനിരയായ വിദ്യാര്‍ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച ഈ രംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങള്‍ക്ക് മുമ്പ് പീഡനം ആരംഭിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികളെ പ്രതികളുടെ മുറിയിലേക്ക് രാത്രി 11 മണിയോടെ വിളിച്ചുവരുത്തിയായിരുന്നു പീഡനം.