പെൻസിൽവേനിയ: ഉറങ്ങിക്കിടന്ന മുൻ കാമുകനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പെൻസിൽവേനിയയിലെ മുൻ ജില്ലാ ജഡ്ജി സോണിയ മക്നൈറ്റ് (55) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2016 മുതൽ ഡൗഫിൻ കൗണ്ടിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച സോണിയ മക്നൈറ്റിന് 60 വർഷം വരെ ശിക്ഷ ലഭിച്ചേക്കും.
2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്കാലത്ത് സോണിയ മുൻ കാമുകന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവർ തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് മുൻ കാമുകൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും സോണിയയോട് വീട് വിട്ട് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് തർക്കമുണ്ടായി. ഈ തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
അസൂയ കാരണമാണ് സോണിയ കൃത്യം നടത്തിയതെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. മുൻ കാമുകന് വെടിവെച്ചയാളെ തിരിച്ചറിയാൻ സാധിച്ചില്ല. സോണിയ വെടിവെക്കുന്നത് കണ്ടതായി ആരും മൊഴി നൽകിയില്ല. എന്നാൽ സംഭവം നടക്കുമ്പോൾ സോണിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്ന മുൻ കാമുകന്റെ മൊഴി കേസിൽ നിർണായകമായി.
ഇതാദ്യമായിട്ടല്ല സോണിയ ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെടുന്നത്. 2019ൽ പിരിഞ്ഞു താമസിക്കുകയായിരുന്ന ഭർത്താവിനെ ആക്രമിച്ചതിനും സോണിയക്കെതിരെ ആരോപണമുണ്ടായിരുന്നു. വീട്ടിലെ ഫർണിച്ചറുകൾ മാറ്റുന്നതിന് സഹായം തേടി അന്ന് സോണിയ ഭർത്താവിനെ വിളിച്ചുവരുത്തി വെടിവച്ചുവെന്നായിരുന്നു ആരോപണം. അന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സോണിയ വെടിയുതിർത്തതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർമാർ കേസ് എടുത്തിരുന്നില്ല.