അലിഗഡ്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വരനും വധുവിന്റെ അമ്മയും ഒളിച്ചോടി.ഉത്തർപ്രദേശിലെ അലിഗഡിലാണ് ഈ സംഭവം. വിവാഹ ഒരുക്കങ്ങൾ പൂർത്തിയായി അന്തിമ ഘട്ടത്തിലാണ് ഈ നാടകീയതയും രണ്ട് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയതുമായ നടപടി.
വിവാഹത്തിനായി കരുതിവെച്ചിരുന്ന സ്വർണവും പണവുമായാണ് വധുവിന്റെ അമ്മ വരനൊപ്പം പോയത്. മൂന്നര ലക്ഷത്തിലധികം രൂപ പണമായും അഞ്ച് ലക്ഷം രൂപയുടെ സ്വർണവും വീട്ടിലുണ്ടായിരുന്നതെന്നും ഇതുമുഴുവൻ അമ്മ
കൊണ്ടുപോയതായി മകൾ പറഞ്ഞു.
ബംഗളുരുവിൽ വ്യാപാര നടത്തുന്ന ജിതേന്ദ്ര കുമാറിന്റെയും അനിതയുടെയും മകൾ ശിവാനിയും രാഹുലും തമ്മിലുള്ള വിവാഹം 16നാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്മയും രാഹുലും തമ്മിൽ എപ്പോഴും സംസാരമായിരുന്നെന്ന് ശിവാനി പറഞ്ഞു. തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല.
എപ്പോഴും അമ്മയെ മാത്രമായിരിക്കും വിളിക്കുന്നതെന്നും ശിവാനി പറഞ്ഞു. തന്റെ ഭാര്യയുമായി രാഹുൽ എപ്പോഴും സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും എന്നാൽ അടുത്തുതന്നെ വിവാഹം നടക്കാനിരുന്നതിനാൽ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ശിവാനിയുടെ പിതാവ് പറഞ്ഞു. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹം പൊലീസിൽ പരാതി നൽകിയിരിക്കുകയാണിപ്പോൾ.