പയ്യന്നൂർ: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഭാര്യ പുനിയങ്കോട് സ്വദേശിനി മിനി നമ്പ്യാർക്കെതിരായത് ഡിജിറ്റൽ തെളിവുകൾ. ഒന്നാംപ്രതി എന്‍.കെ. സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്സ്ആപ് ചാറ്റുകളും കൊലപാതകത്തിന്റെ ഗൂഢാലോചനകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് പൊലീസ് പറയുന്നു.
മിനി നമ്പ്യാർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകൾ എതിരാവുകയായിരുന്നു.
രാധാകൃഷ്ണന് വെടിയേറ്റ് മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും അതിനുശേഷവും സന്തോഷുമായി മിനി നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊലക്കുശേഷം പ്രതി മിനി താമസിക്കുന്ന വാടകവീടിനു സമീപം എത്തിയതായും പറയുന്നു. ഇതുസംബന്ധിച്ച ശാസ്ത്രീയമായ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി കൊലപാതക ഗൂഢാലോചനയിൽ ഇവരുടെ പങ്ക് ഉറപ്പിച്ച ശേഷമാണ് ചൊവ്വാഴ്ച ഉച്ചക്ക് മിനി നമ്പ്യാരെ ചോദ്യം ചെയ്യാൻ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മൂന്നാംപ്രതിയാണ് മിനി നമ്പ്യാര്‍.
വെടിവെക്കാന്‍ തോക്ക് നല്കിയ പെരുമ്പടവ് സ്വദേശി സിജോ ജോസഫാണ് രണ്ടാം പ്രതി. മിനി നമ്പ്യാരുടെയും സന്തോഷിന്റെയും വാട്സ്ആപ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തിയത്. മാര്‍ച്ച് 20നാണ് രാധാകൃഷ്ണന് കൈതപ്രത്ത് പുതുതായി പണിയുന്ന വീടിന് സമീപം രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.
പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ മിനി നമ്പ്യാരെ റിമാന്‍ഡ് ചെയ്തു. ബി.ജെ.പി ജില്ല കമ്മിറ്റി മുൻ അംഗമാണ് മിനി നമ്പ്യാർ.