മലപ്പുറം: മലപ്പുറം ഏലംകുളത്ത് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെ അച്ഛന്റെ കടയിലും വിനീഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാത്തി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചേക്കും.
അതേസമയം കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്‌കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരി ദേവശ്രീ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് വിനീഷ് ദൃശ്യയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ ശരീരത്തില്‍ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. 2 മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്.
അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ദൃശ്യയുടെ അച്ഛന്‍ സി.കെ.ബാലചന്ദ്രന്റെ സി.കെ ടോയ്‌സ് എന്ന സ്ഥാപനം പ്രതി തീയിട്ട് നശിപ്പിച്ചിരുന്നു.
അതേസമയം സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി വനിത കമ്മീഷനും രംഗത്തെത്തി. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ ശല്യപ്പെടുത്തുന്നവരെ താക്കീത് ചെയ്തു വിടുന്നതു നിയമവിരുദ്ധമായ നടപടിയാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്നും അവര്‍ പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.