ലണ്ടന്‍: ഇന്ത്യയില്‍ വെച്ച് ശതകോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയ്ക്ക് യു.കെ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടു. തന്നെ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നാടുകടത്താനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി നല്‍കിയ ഹര്‍ജി യു.കെ ഹൈക്കോടതി തള്ളുകയായിരുന്നു .
ഈ ആവശ്യവുമായി കഴിഞ്ഞ മാസമായിരുന്നു നീരവ് മോദി ലണ്ടനിലെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2021 ഏപ്രില്‍ 15നായിരുന്നു ബ്രിട്ടന്റെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നീരവ് മോദിയെ ഇന്ത്യയിലേയ്ക്ക് നാടുകടത്താന്‍ ഉത്തരവിട്ടത്. തൊട്ടു പിന്നാലെയായിരുന്നു ഇതിനെതിരെ നീരവ് മോദി നിയമയുദ്ധം തുടങ്ങിയത്.
ഇന്ത്യയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയോളം തട്ടിച്ച ശേഷമാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപെട്ടത്. നിലവില്‍ നീരവ് മോദിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും എന്നാല്‍ നീരവ് മോദിയ്ക്ക് ഇനിയും കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ എന്നിവരുടെ 18,170 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇന്ത്യയില്‍ കണ്ടുകെട്ടി. ഇവയില്‍ നിന്നും 9371 കോടി രൂപ പണം നഷ്ടപ്പെട്ട ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും ഇതിനോടകം കൈമാറി.