ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് പങ്കാളിയായ ഭക്തയെ കൊലപ്പെടുത്തിയ പുരോഹിതനെ അറസ്റ്റ് ചെയ്തു.
വിവാഹിതനായ അയ്യഗാരി സായ്കൃഷ്ണ 30 വയസ്സുള്ള കുരുഗന്ദി അപ്‌സര എന്ന യുവതിയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാന്‍ അപ്‌സര നിര്‍ബന്ധിച്ചതാണ് കൊലപാതക കാരണം. തെലങ്കാന സരൂര്‍നഗറിലെ രജിസ്റ്റര്‍ ഓഫിസിനു സമീപത്തുള്ള ഓടയിലാണ് പുരോഹിതനായ സായ്കൃഷ്ണ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്.
മേയ് മൂന്ന് മുതലാണ് യുവതിയെ കാണാതായതെന്ന് സായ്കൃഷ്ണ പൊലീസില്‍ അറിയിച്ചു. ഫോണ്‍കോളുകള്‍ക്കു അപ്‌സര മറുപടി നല്‍കിയില്ലെന്നും പ്രതി പറഞ്ഞു. മരുമകളാണ് അപ്‌സര എന്നാണ് ഇയാള്‍ ആദ്യം പൊലീസില്‍ പറഞ്ഞത്. സിസിടിവി പരിശോധനയില്‍ സായ്കൃഷ്ണയ്‌ക്കെതിരെ പൊലീസിനു തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അപ്‌സര തന്റെ ഭക്തയും കാമുകിയുമാണെന്ന് ഇയാള്‍ സമ്മതിച്ചു.
ഷംസാബാദില്‍ വച്ചാണ് ഇയാള്‍ അപ്‌സരയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സരൂര്‍നഗറില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ പുരോഹിതനായ ക്ഷേത്രത്തിനു സമീപത്തുള്ള അഴുക്കുചാലിലാണ് മൃതദേഹം ഉപേക്ഷിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സായ്കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.