മുംബൈ :സ്പായ്ക്കുള്ളിൽ 48 -കാരനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വിവരാവകാശ പ്രവർത്തകനായ ഗുരു വാഗ്മറെ എന്നയാളാണ് സെൻട്രൽ മുംബൈയിലെ വോർളിയിൽ സ്ഥിതി ചെയ്യുന്ന സോഫ്റ്റ് ടച്ച് സ്പായ്ക്കുള്ളിൽ വച്ച് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കൊല്ലപ്പെട്ടയാളുടെ തുടയിൽ പച്ച കുത്തിയിരുന്ന പേരുകളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. തന്നെ കൊലപ്പെടുത്താൻ സാധ്യതയുള്ള സ്പാ ഉടമയുടെ ഉൾപ്പെടെ 22 പേരുകൾ ആയിരുന്നു ഇയാളുടെ തുടയിൽ പച്ച കുത്തിയിരുന്നത്. നിലവിൽ സ്പാ ഉടമ സന്തോഷ് ഷെരേക്കറെയടക്കം മൂന്നു പ്രതികളാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടത്തുന്നതിനിടെ ഗുരു വാഗ്മറെയുടെ തുടയിൽ പ്രതികളുടെ പേരുകൾ പച്ചകുത്തിയിരിക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുരു വാഗ്മറെ, സ്പാ ഉടമയായ സന്തോഷ് ഷെരേക്കറെയെ പതിവായി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. തുടര്‍ന്ന് സ്പാ ഉടമ ഇയാളെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘാംഗമായ മുഹമ്മദ് ഫിറോസ് അൻസാരിയ്ക്ക് (26) ആറ് ലക്ഷം രൂപ നൽകുകയുമായിരുന്നു. ഇവർക്കും നേരത്തെ തന്നെ പരസ്പരം അറിയാമായിരുന്നുവെന്നും അൻസാരിയും മുംബൈയിലെ നലസോപാരയിൽ ഒരു സ്പാ നടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞവർഷം നടന്ന ഒരു റെയ്ഡിനെ തുടർന്നായിരുന്നു ഇത് അടച്ചുപൂട്ടിയത്.
കൊല്ലപ്പെട്ട വാഗ്മറെ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇയാളുടെ സ്പാ സെന്ററിൽ റെയ്ഡ് നടന്നത്. ഇത്തരത്തിൽ പരാതി നൽകുന്നതും സ്പാ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് ഗുരു വാഗ്മറെയുടെ കൊലപാതകം ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിലുള്ള സാക്വിബ് അൻസാരി എന്നയായാളുമായി മൂന്ന് മാസം മുമ്പ് അൻസാരി ഗൂഢാലോചന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 21 കാരിയായ കാമുകിക്കൊപ്പം വാഗ്മറെ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. റെയിൻകോട്ട് ധരിച്ച രണ്ട് പേർ വാഗ്മറെ സ്പാ വരെ പിൻതുടരുന്നതായുള്ള ദൃശ്യങ്ങളും സിയോണിലെ ബാറിന് പുറത്തുള്ള സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചു.
അതിൽ ഒരാൾ ബാറിന് സമീപമുള്ള ഒരു പാൻ കടയിൽ നിന്ന് യുപിഐ സംവിധാനത്തിലൂടെ പണം നൽകി രണ്ട് ഗുട്ക പാക്കറ്റുകൾ വാങ്ങിയതായും പൊലീസ് കണ്ടെത്തി. മുഹമ്മദ് ഫിറോസ് അൻസാരിയുടെയായിരുന്നു ആ യുപിഐ ഐഡി. ഈ നമ്പറിൽ നിന്ന് ഷെരേക്കറിന് ഒന്നിലധികം കോളുകൾ വന്നിരുന്നതായും അന്വേഷണത്തിൽ പോലീസിന് വ്യക്തമായി.
ബുധനാഴ്ച പുലർച്ചെ 1.30 ഓടെ ഫിറോസും സാക്വിബും സ്പായില്‍ അതിക്രമിച്ച് കയറി വാഗ്മറെ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ രാവിലെ 9.30 ഓടെയാണ് കൊലപാതക വിവരം അറിഞ്ഞതെന്ന് വാഗ്മറെയുടെ കാമുകിയുടെ മൊഴി. തുടർന്ന് ഇക്കാര്യം ഇവർ ഷെരേക്കറെയാണ് ആദ്യം അറിയിച്ചത്. പിന്നീട് രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസിനെ അറിയിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം പോലീസ് നേരത്തെ തന്നെ ഷെരേക്കറെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഫിറോസ് അൻസാരിയെ സബർബൻ നലസോപാരയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സാക്വിബ് അൻസാരിയെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് കടക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. വാഗ്മറെയുടെ കൊലപാതകത്തിൽ കാമുകിക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരുകയാണ്.
2010 മുതൽ മുംബൈ, നവി മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിലെ സ്‌പാ ഉടമകളെ ഭീഷണിപ്പെടുത്തി വാഗ്‌മറെ പണം തട്ടിയിരുന്നതായും ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.