മൈസൂരു: ദേശീയതലത്തില്‍ ചര്‍ച്ചയായ മൈസൂരു കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ മലയാളികളടക്കമുള്ള എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണെന്ന് സൂചന. മൂന്നുപേര്‍ മലയാളികളും മറ്റൊരാള്‍ തമിഴ്‌നാട്ടുകാരനുമാണെന്ന് പോലീസ് സംശയിക്കുന്നു. നാലുപേരും കേരളത്തില്‍ ഒളിവില്‍ കഴിയുകയാണെന്നും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കര്‍ണാടക പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നുമാണ് വിവരം.
കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ ഡി.ജി.പി. പ്രവീണ്‍ സൂദ് വെള്ളിയാഴ്ച മൈസൂരുവിലെത്തി. ഇരയായ പെണ്‍കുട്ടി പറഞ്ഞത് ആറുപേരാണ് പ്രതികളുടെ സംഘത്തിലുണ്ടായിരുന്നത് എന്നാണ്. എന്നാല്‍, നാലുപേരെക്കുറിച്ചുള്ള സൂചന മാത്രമാണ് പോലീസ് ഇപ്പോള്‍ നല്‍കുന്നത്.
മൈസൂരുവില്‍ പഠിക്കുന്ന പ്രതികള്‍ സംഭവദിവസം നഗരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സ്ഥിരീകരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങളില്‍നിന്നുള്ള വിവരം.
കൃത്യം നടന്നതിന്റെ അടുത്തദിവസം പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന സംഘം മൈസൂരുവില്‍നിന്ന് മുങ്ങിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവസ്ഥലത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
ഉത്തരേന്ത്യക്കാരിയായ എം.ബി.എ. വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച രാത്രി മൈസൂരു നഗരത്തിലെ ചാമുണ്ഡി മലയടിവാരത്ത് കൂട്ടബലാത്സംഗത്തിനിരയായത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ് വിദ്യാര്‍ഥിനി.
ആരോഗ്യനില വീണ്ടെടുത്തെങ്കിലും ഇതുവരെ പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ജി.പി. നേരിട്ടാണ് കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇടപെട്ടിട്ടുണ്ട്.