പാലക്കാട്: കോയമ്പത്തൂര്‍ അമൃത വിദ്യാലയത്തിലെ ഗവേഷക വിദ്യാര്‍ഥിനി കൃഷ്ണകുമാരി (33) വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ വിശദമായ മൊഴി പൊലീസ് ചൊവ്വാഴ്ച രേഖപ്പെടുത്തും.
റിസര്‍ച് ഗൈഡുമാരുടെ മാനസികപീഡനം കാരണമാണ് ആത്മഹത്യയെന്ന ബന്ധുക്കളുടെ പരാതിയുടെ വെളിച്ചത്തിലാണ് കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ്. സി.ഐ എ. വിപിന്‍ദാസാണ് കേസ് അന്വേഷിക്കുന്നത്.
ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ അഞ്ച് വര്‍ഷമായി പിഎച്ച്.ഡി ചെയ്യുന്ന കൃഷ്ണകുമാരിക്ക് അധ്യാപകരുടെ ഭാഗത്തുനിന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടായതായി സഹോദരി രാധിക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഗവേഷണത്തിന് ലഭിക്കുന്ന ഗ്രാന്‍ഡ് അവര്‍ തന്നെ ഉപയോഗിച്ചുവന്നു. ഓരോ തവണ പ്രബന്ധം അംഗീകാരത്തിന് നല്‍കുമ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് തള്ളി. വിദ്യാലയത്തില്‍ തന്നെ അധ്യാപികയായും സേവനം ചെയ്ത കൃഷ്ണകുമാരിക്ക് ഹോസ്റ്റലിലും പീഡനം തുടര്‍ന്നു. വാര്‍ഡനെ ഉപയോഗിച്ച് പീഡിപ്പിച്ചതിനു പുറമെ സ്വഭാവദൂഷ്യമെന്ന ആരോപണവും ഉന്നയിച്ചു.
റിസര്‍ച് ഗൈഡിന്‍െറ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കണമെന്നും ഇതുസംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍നിന്നാണ് കൃഷ്ണകുമാരി ബി.ടെക്കും സ്വര്‍ണമെഡലോടെ എം.ടെക്കും പൂര്‍ത്തിയാക്കിയത്.