തിരുച്ചിറപ്പള്ളി: സ്കൂള്‍ ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടികളെ 31 വയസുകാരനായ ഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയായ ഡോക്ടറുടെ അമ്മ ഇതേ സ്കൂളിലെ പ്രധാനാധ്യാപികയായിരിക്കെയാണ് സംഭവം.
തമിഴ്നാട് തിരുച്ചിറപ്പള്ളി ഫോര്‍ട്ട് ഓള് വനിതാ പൊലീസാണ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയായ സ്കൂളിലെ പ്രധാനാധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ 3 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ലൈംഗിക പീഡനത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. തുടര്‍ന്ന് ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പെണ്‍കുട്ടികളുമായി സംസാരിച്ചു. ഇതോടെ പ്രതിയായ ഡോക്ടര്‍ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാകുകയായിരുന്നു.