തിരുവനന്തപുരം: തട്ടുകടയുടെ മുന്നില്‍ സ്ഥാപിച്ച ‘ഊണു റെഡി’ എന്ന ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ പഞ്ചായത്തംഗം സ്ത്രീകളേയും കുട്ടികളേയും മര്‍ദിച്ചതായി പരാതി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടിയെയും മര്‍ദിച്ചെന്ന് പരാതി. അരുണ്‍ എന്നയാളുടെ കടയിലായിരുന്നു സംഭവം.
അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു എട്ട് വയസ്സുകാരനായ കുട്ടിക്ക് നേരെയുള്ള ആക്രമണം. കുട്ടിയുടെ കയ്യില്‍നിന്നു മൊബൈല്‍ തട്ടി മാറ്റുന്നത് വീഡിയോയില്‍ കാണാം.
കുട്ടി കരഞ്ഞതോടെ, സ്ത്രീകള്‍ രണ്ടുംപേരും ചേര്‍ന്ന് ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇവരെ ശശി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും മര്‍ദിക്കാന്‍ ഓങ്ങുന്നതും വീഡിയോയിലുണ്ട്. ‘കൊച്ചിനെ അടിച്ചതിന് സമാധാനം പറഞ്ഞിട്ട് പോയാല്‍ മതി’യെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
സംഭവത്തില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാല്‍, 2000 മാത്രമേ നല്‍കാനാകൂ എന്ന് പറഞ്ഞതിലുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവം കേസെടുത്ത് അന്വേഷിക്കുമെന്ന് ആര്യനാട് സി.ഐ. അറിയിച്ചു.