കൊച്ചി: യുവതിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച നടന്‍ സിദ്ദിഖിനെ കണ്ടെത്താനാവാതെ പോലീസ്. ഇന്നലെയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചില്‍ തുടരുകയാണെന്നും പ്രതി ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്ട്യ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലര്‍ത്തുന്നതെന്നാണ് ആരോപണം. അതേസമയം, കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ ദില്ലിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹര്‍ജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും