ചെന്നൈ: കഴിഞ്ഞ മാസം 17ന് റെയില്‍വേ സ്‌റ്റേഷന് സമീപം വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നിയമ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണത്തില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് എതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കള്‍ ഈറോഡ് ഡിഎസ്പിക്ക് വീണ്ടും പരാതി നല്‍കി.
തൃശൂര്‍ വലപ്പാട് എടമുട്ടം കാര്‍ത്തികേയന്‍–കൈരളി ദമ്പതികളുടെ മകള്‍ ശ്രുതി(22) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
ബെംഗളൂരുവിലെ സ്വകാര്യ കോളജില്‍ നിയമ വിദ്യാര്‍ഥിനിയായ ശ്രുതി സഹപാഠിയായ എറണാകുളം അരൂര്‍ സ്വദേശി ഹരികൃഷ്ണനൊപ്പം ട്രെയിനില്‍ ഓഗസ്റ്റ് 17നാണ് ഈറോഡിലെത്തിയത്. അതേദിവസം വൈകിട്ടാണ് ശ്രുതിയെ വിഷം കഴിച്ച നിലയില്‍ ഹരികൃഷ്ണന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഓഗസ്റ്റ് 18ന് ശ്രുതിയുടെ ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഹരികൃഷ്ണന്‍ ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിവിട്ടു നാട്ടിലേക്കു പോയി. എന്നാല്‍ ശ്രുതിയുടെ മാതാപിതാക്കള്‍ എത്തിയപ്പോള്‍ ഹരികൃഷ്ണനു യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലായിരുന്നുവെന്നാണു പരാതിയില്‍ പറയുന്നത്.
വിഷം കഴിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്നതു വ്യാജമാണെന്നാണ് ശ്രുതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. തമിഴ്‌നാട് പൊലീസ് ഹരികൃഷ്ണനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹരികൃഷ്ണനെതിരെ പ്രേരണാ കുറ്റത്തിനു കേസെടുത്തു ചോദ്യം ചെയ്യണമെന്നാണു മാതാപിതാക്കളുടെ ആവശ്യം.
ശ്രുതിയുടെ മൊബൈല്‍ ഫോണും, ലാപ്‌ടോപ്പും യുവാവിന്റെ പക്കലുണ്ടെന്നും അതു കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമാണു മാതാപിതാക്കള്‍ പറയുന്നത്.
ഇന്നലെ രാവിലെ ഈറോഡ് ഡിഎസ്പി ഓഫിസിലെത്തിയ മാതാപിതാക്കള്‍ യുവാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നല്‍കി. ഹരികൃഷ്ണനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താല്‍ ലഹരി, സെക്‌സ് റാക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു മാതാപിതാക്കള്‍ പറയുന്നത്. ശ്രുതിയുടെ ദുരൂഹമരണം
അന്വേഷണമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും, തമിഴ്‌നാട് മുഖ്യമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും, മാതാപിതാക്കളായ കാര്‍ത്തികേയന്‍, കൈരളി എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്.