കൊല്ലം: പൂനെയില്‍ താമസക്കാരിയായിരുന്ന കൊട്ടാരക്കര വാളകം പൊടിയാട്ടുവിള മധുമന്ദിരത്തില്‍ മധുസൂദനന്‍ പിള്ളയുടെയും അംബികയുടെയും മകള്‍ പ്രീതിയുടെ (29) മരണത്തില്‍ ഭൃതൃവീട്ടുകാരെന്ന് യുവതിയുടെ കുടുംബം. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രീതിയെ പൂനയിലുള്ള ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ച് വര്‍ഷം മുമ്പായിരുന്നു പ്രീതിയുടെയും അഖിലിന്റെയും വിവാഹം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജോലി തേടി നാടുവിട്ട മധുസൂദനന്‍ പിള്ള വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ഫാഷന്‍ ടെക്‌നോളജി പഠനം പൂര്‍ത്തിയാക്കിയ മകള്‍ക്ക് മാട്രിമോണിയല്‍ സൈറ്റ് വഴി നല്‍കിയ പരസ്യം കണ്ടാണ് ആലപ്പുഴ സ്വദേശിയും പൂനയില്‍ സ്ഥിരതാമസക്കാരനായ അഖിലിന്റെ വിവാഹാലോചന വന്നത്.
മുംബയില്‍ ബെന്‍സ് വാഹന കമ്പനിയുടെ ഡീലറെന്ന പേരിലായിരുന്നു വിവാഹാലോചന. എന്നാല്‍ വിവാഹത്തിന് ശേഷമാണ് ബെന്‍സിന്റെ ടയറുകള്‍ വില്‍ക്കുന്ന ഷോപ്പാണ് അഖിലിനുള്ളതെന്ന് മനസിലായത്. 120 പവന്‍ നല്‍കിയായിരുന്നു വീട്ടുകാര്‍ പ്രീതിയുടെ വിവാഹം നടത്തിയത്. പിന്നീട് ബിസിനസ് ആവശ്യത്തിനും മറ്റ് കാര്യങ്ങള്‍ക്കുമെന്ന പേരില്‍ പലപ്പോഴായി വന്‍ തുകകള്‍ അഖിലും അമ്മയും പ്രീതിയുടെ അച്ഛനില്‍ നിന്ന് വാങ്ങിയിരുന്നു.
ഒരു കോടിയോളം രൂപ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം പല തവണയായി വാങ്ങി. ഏറ്റവും ഒടുവില്‍ മുംബയില്‍ പ്രീതിക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയ ഒരു ഹോട്ടലും അഖില്‍ കൈക്കലാക്കി. അതിനുശേഷം പ്രീതിക്ക് വാളകത്ത് കുടുംബസ്വത്തായുള്ള വസ്തുക്കളും മറ്റ് സ്വത്തുക്കളും നല്‍കണമെന്നാവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രീതിയെ അഖിലും മാതാവും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് സൂചന.