തിരുവനന്തപുരം: പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. മുടവന്‍മുകളില്‍ താമസിക്കുന്ന സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എട്ടുമണിയോടെ സംഭവം. വാടകയ്ക്ക് താമസിക്കുകയാണ് സുനില്‍. ഓട്ടോറിക്ഷ ഓടിച്ചാണ് സുനില്‍ കുടുംബം പോറ്റുന്നത്. മരുമകനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
സുനിലിന്റെ മകളും മരുമകന്‍ അരുണും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലായിരുന്നു. ബന്ധം വഷളായതിനെ തുടര്‍ന്ന് സുനിലിന്റെ മകള്‍ അരുണിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്ന് വൈകീട്ട് സുനിലിന്റെ വീട്ടില്‍ വന്ന് മകളെ തിരികെ തന്റെ കൂടെ വിടണമെന്ന് അരുണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ അരുണുമായുള്ള ബന്ധത്തിന് മകള്‍ക്ക് താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും മകളും ഉറപ്പിച്ച് പറഞ്ഞു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. സുനിലിന്റെ കഴുത്തിലാണ് കുത്തേറ്റത്. അഖിലിന്റെ നെഞ്ചിലും. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.