ക്യാഷ് ഓണ്‍ ഡെലിവറിയായി ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നൽകാൻ എത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി യുവാക്കൾ. ഉത്തർപ്രദേശിലാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാന്‍ വീട്ടിലെത്തിയ ഡെലിവറി ഏജന്റിനെ യുവാവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി അടുത്തുള്ള കനാലില്‍ തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ചിന്‍ഹട്ട് സ്വദേശിയായ ഗജനന്‍ എന്നയാള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നാണ് കാഷ് ഓണ്‍ ഡെലിവറി ആയി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ശശാങ്ക് സിങ് പറഞ്ഞു.
സെപ്റ്റംബര്‍ 23- നാണ് സംഭവം നടന്നത്. ഫോണ്‍ വിതരണം ചെയ്യാനെത്തിയ 30 വയസ്സുകാരനായ ഡെലിവറി ബോയി ഭരത് സാഹുവിനെ ഗജനനും കൂട്ടാളിയും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി ഇന്ദിരാ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിനായി ഇന്ദിരാ കനാലില്‍ ഉത്തര്‍പ്രദേശ് എസ്.ഡി.ആര്‍.എഫ് സംഘം തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
രണ്ടു ദിവസമായി സാഹു വീട്ടില്‍ തിരിച്ചെത്താതായതോടെ കാണാതായതായി വീട്ടുകാര്‍ സെപ്റ്റംബര്‍ 25-ന് പോലീസിന് പരാതി നല്‍കി. തുടര്‍ സാഹു ഉപയോഗിച്ചിരുന്ന ഫോണിന്റെ ലൊക്കേഷന്‍ വിവരങ്ങളും അവസാനമായി ചെയ്ത കോള്‍ വിവരങ്ങളും പരിശോധിച്ച പോലിസിന് ഗജനന്റെ സുഹൃത്തായ ആകാശ് എന്നയാളുടെ വിവരങ്ങള്‍ ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുരുളഴിഞ്ഞത്. കാനാലില്‍ ഉപേക്ഷിച്ച മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.