ബംഗളുരു: കോഴിക്കോട് സ്വദേശിയായ കൗമാര പ്രായക്കാരനെ പീഡിപ്പിച്ചെന്ന പരാതിയിന്മേല്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗളുരു പൊലീസ് കേസെടുത്തു. അസ്വാഭാവിക ലൈംഗിക പീഡനം, സ്വകാര്യത ഹനിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ബംഗളുരു ദേവനഹള്ളി പൊലീസാണ് കേസെടുത്തത്. കോഴിക്കോട് കസബ പൊലീസാണ് കേസ് ബംഗളുരു പൊലീസിന് കൈമാറിയത്.
ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് രഞ്ജിത്തിന് എതിരെയുള്ള കേസ്. പരാതിക്കാരനെയും രഞ്ജിത്തിനെയും രണ്ടു ദിവസത്തിനകം മൊഴിയെടുക്കാന്‍ ബംഗളുരു പൊലീസ് വിളിപ്പിക്കും. സിനിമയില്‍ അവസരം ചോദിച്ചെത്തിയ യുവാവിനെ 2012-ല്‍ ബംഗളുരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി.
സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു. തന്റെ നഗ്‌നചിത്രങ്ങള്‍ എടുത്ത ശേഷം രഞ്ജിത്തിന്റെ സുഹൃത്തായ നടിക്ക് അയച്ചുകൊടുത്തെന്നും യുവാവ് പരാതിയില്‍ ആരോപിച്ചിരുന്നു.
അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നും രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തി. അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മമ്മൂട്ടിയെ കാണാന്‍ ആണോ എന്ന് ചോദിച്ച് ഉള്ളില്‍ക്കൊണ്ടു പോയി. മമ്മൂട്ടി അഭിനയിക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പാള്‍ എന്താ മമ്മൂട്ടിയെ ഇഷ്ടം എന്ന് സംവിധായകന്‍ രഞ്ജിത്ത് ചോദിച്ചു. മമ്മൂട്ടിയെ മാത്രമല്ല സാറിനെ പോലെ ലെജന്റ് ആയ സംവിധായകരേയും ഇഷ്ടമാണ് എന്നും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ട് എന്നും പറഞ്ഞു. ഉടന്‍ ടിഷ്യൂ പേപ്പറില്‍ നമ്പര്‍ തരികയും വിളിക്കരുത് മെസേജ് അയച്ചാല്‍ മതിയെന്നും പറഞ്ഞുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
അന്ന് രാത്രി മെസേജ് അയച്ചു. എന്നാ ഫ്രീ ആവുക എന്ന് തിരിച്ച് രഞ്ജിത്ത് മറുപടി അയച്ചു. സാറ് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ ബംഗളൂരുവില്‍ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ ബംഗളൂരുവിലെ ഹോട്ടലില്‍ ചെന്ന് റിസപ്ഷനില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞ്, കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ രാത്രി 10 മണിക്ക് കാണാന്‍ പറ്റില്ല എന്ന് പറഞ്ഞു.
ഇക്കാര്യം രഞ്ജിത്തിനോട് പറഞ്ഞപ്പോള്‍ പോവരുത് മുറിയിലേക്ക് വഴി പറഞ്ഞ് തരാം എന്ന് പറഞ്ഞു. എന്നിട്ട് ഹോട്ടലിന്റെ കോഫീ ഷോപ്പിനുള്ളിലൂടെ സൈഡില്‍ ഉള്ള സ്റ്റെയര്‍ കേസ് വഴി എക്‌സിറ്റ് ഡോര്‍ വഴിയാണ് ഞാന്‍ കയറി കോറിഡോറില്‍ എത്തിയത്. പറഞ്ഞ റൂം നമ്പറില്‍ ഞാന്‍ കയറിയപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നു. കുളിച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു മദ്യം നല്‍കി. കണ്‍മഷി തന്ന് കണ്ണില്‍ എഴുതാന്‍ പറഞ്ഞു കണ്ണെഴുതിയപ്പോള്‍ കണ്ണ് വളരെ മനോഹരം എന്ന് പറഞ്ഞു. നഗ്‌നനായി കാണണം എന്നാവശ്യപ്പെട്ടു. ശാരീരികമായി ചില കാര്യങ്ങള്‍ പറഞ്ഞു.
അന്ന് സിനിമയില്‍ വേഷം കിട്ടും എന്ന് കരുതി ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. അദ്ദേഹം എന്നെ വളരെ മൃഗീയമായി ഉപയോഗിച്ചു. മദ്യം കഴിച്ചതിനാല്‍ ഞാന്‍ അര്‍ധബോധാവസ്ഥയില്‍ ആയിരുന്നു. ഒരു മലയാള സിനിമാ നടിക്ക് ഫോട്ടോ അയച്ച് ഇഷ്ടമായോ എന്ന് ചോദിച്ചു. എന്നോട് കൂടുതല്‍ അവസരം കിട്ടും എന്ന് പറഞ്ഞു പല തവണ ഉപയോഗിച്ചുവെന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി. നേരത്തെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടി വന്നിരുന്നു.