കോട്ടയം: എം.ജി സര്‍വകലാശാലയില്‍ നിന്ന് രണ്ടുതവണ ലൈംഗിക അതിക്രമം നേരിട്ടെന്ന് ഗവേഷണ വിദ്യാര്‍ഥിനി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗവേഷക പഠനത്തിന് അനുമതി നിഷേധിച്ചെന്നും ജാതീയ അധിക്ഷേപം നടത്തിയെന്നും ആരോപിച്ച് നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2014 ലാണ് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നത്. സെന്ററിലെ റിസര്‍ച്ച് വിദ്യാര്‍ഥിയായിരുന്ന ആന്ധ്ര സ്വദേശി ശ്രീനിവാസ റാവു തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. സെന്ററില്‍ ജോലിചെയ്യുന്ന ചാള്‍സ് സെബാസ്റ്റ്യന്‍ എന്ന ആളില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
അന്ന് വകുപ്പു മേധാവിയായിരുന്ന ഇപ്പോഴത്തെ വിസി സാബു തോമസ്, ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കല്‍ എന്നിവരോട് ലൈംഗിക അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടു വെങ്കിലും നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
പീഡനം സംബന്ധിച്ച് പൊലീസിനും സര്‍വകലാശാലയ്ക്കും ഔദ്യോഗികമായി പരാതി നല്‍കുമെന്നും ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ല കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു. അതേസമയം ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ പഠനസൗകര്യങ്ങളും സര്‍വകലാശാല ചെയ്തുനല്‍കാമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ലൈംഗിക അതിക്രമം ഉണ്ടായിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഗവേഷണത്തിനായി ചെല്ലാന്‍ ഭയമുണ്ടെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ജാതീയ അധിക്ഷേപം നടത്തിയ അധ്യാപകനെ പിരിച്ചു വിടാതെ സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ഥിനി പരാതി പറഞ്ഞിട്ടില്ലെന്നും ആരോപണം വ്യാജമെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം. വൈസ് ചാന്‍സിലര്‍ ഡോ സാബു തോമസും പരാതിക്കാരിയുടെ ആരോപണം തള്ളി.