കണ്ണൂര്‍: മന്ത്രവാദത്തിന്റെ പേരില്‍ വൈദ്യചികിത്സ കിട്ടാതെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ചികിത്സ നടത്തിയ ഇമാമിനെയും കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച കണ്ണൂര്‍ സിറ്റി ഞാലുവയല്‍ സ്വദേശിനി ഫാത്തിമയുടെ (11) പിതാവ് അബ്ദുല്‍ സത്താര്‍ (55), മന്ത്രവാദ ചികിത്സ നടത്തിയ കണ്ണൂര്‍ സിറ്റി കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ്. കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമാക്കാത്തതിന് ബാലനീതി നിയമപ്രകാരമുള്ള വിവിധ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇമാമിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പനിബാധിച്ച ഫാത്തിമക്ക് താന്‍ ജപിച്ചൂതിയ വെള്ളം നല്‍കിയതായും തന്റെ നിര്‍ദേശ പ്രകാരമാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കാണിക്കാതിരുന്നതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഇയാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അബ്ദുല്‍ സത്താറിനെ ബുധനാഴ്ച രാവിലെ 11ഓടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചയാണ് പനി മൂര്‍ച്ഛിച്ച് ഫാത്തിമ മരിച്ചത്. തുടര്‍ന്ന് മരണത്തില്‍ സംശയം തോന്നിയ കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തി!!െന്റ പശ്ചാത്തലത്തില്‍, മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മുമ്പ് സംഭവിച്ചതെന്ന് കരുതുന്ന പ്രദേശത്തെ അഞ്ച് മരണങ്ങളിലേക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഫാത്തിമയുടെ മരണത്തില്‍ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.