കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയുമായി നാടുവിടാനൊരുങ്ങിയ യുവാവ് പിടിയില്‍. ഉളിക്കല്‍ സ്വദേശി അജാസ് (19) നെയാണ് പോലീസ് പിടികൂടിയത്. സാഹസികമായ ഒളിച്ചോട്ടം പൊളിച്ചത് പന്തീരാങ്കാവ് പൊലീസ് ആണ്. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയും യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറി. വിഡിയോ കോളിലൂടെയല്ലാതെ ഇരുവരും നേരിട്ട് കണ്ടില്ല. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്‌കൂള്‍ തുറക്കുന്ന തീയതി ഒളിച്ചോടാന്‍ ഇരുവരും പദ്ധതിയിട്ടു.
പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ എടുത്തിരുന്നില്ല. സ്‌കൂളിലേക്കാണെന്നു പറഞ്ഞിറങ്ങിയ കുട്ടി സ്‌കൂളിലെത്തിയില്ലെന്നു പറഞ്ഞു സഹപാഠികള്‍ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി.
യുവാവുമായുള്ള അടുപ്പം ആര്‍ക്കും അറിയുമായിരുന്നില്ല. അതിനാല്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള അന്വേഷണം ആദ്യഘട്ടത്തില്‍ സാധ്യമായില്ല. ഇരുവര്‍ക്കും വേണ്ടി ബസ്സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷനിലും പരിശോധന നടത്തി. റെയി!ല്‍വേ സ്‌റ്റേഷനിലെ സി സി ടി വി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കണ്ടു.
ഒപ്പം ഒരു പയ്യനും കൂടെയുണ്ടായിരുന്നു. യുവാവ് ടിക്കറ്റെടുത്തത് സ്വന്തം പേര് നല്‍കിയായിരുന്നു. പേര് വെച്ച് ഫേസ്ബുക്കില്‍ തിരഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യുവാവിന്റെ മൊബൈല്‍ നമ്പര്‍ ലഭിച്ചു. ഇത് ട്രെയ്‌സ് ചെയ്താണ് പോലീസ് ഇരുവരെയും പിടികൂടിയത്.
ആദ്യമായാണ് നേരില്‍ കണ്ടതെന്നും ഒരുമിച്ച് ജീവിക്കാനായാണ് നാടുവിട്ടതെന്നും ഇരുവരും പൊലീസിനു മൊഴി നല്‍കി. യുവാവിന് ജോലിയൊന്നും ഇല്ല. പഠിക്കുകയാണ്. ഏതെങ്കിലും നാട്ടില്‍പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങള്‍ പൊളിച്ചതെന്നു പറഞ്ഞ് യുവാവ് പൊലീസിനെ ചീത്തവിളിച്ചു.
പ്രായത്തിന്റെ പക്വതക്കുറവാണെന്ന് പൊലീസിന് ബോധ്യമായെങ്കിലും പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.