തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. കാരയ്ക്കാമണ്ഡപം സെറ്റില്‍മെന്റ് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന വള്ളക്കടവ് സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്.
മകന്‍ ക്ലീറ്റസിനെ (52) സംഭവ സ്ഥലത്തുനിന്നും പൊലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും മാത്രമാണ് ഒറ്റമുറി വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നത്. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്.
വെള്ളിയാഴ്ച രാത്രിയിലും മദ്യലഹരിയില്‍ തമ്മിലടിച്ചു. രാത്രി 12.45ന് അടുത്ത വീട്ടിലെ താമസക്കാരനെ ഫോണില്‍ വിളിച്ച ക്ലീറ്റസ് അച്ഛന്‍ തറയില്‍ കുനിഞ്ഞിരിക്കുകയാണെന്നും ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞു. അയല്‍വാസികള്‍ എത്തുമ്പോള്‍ ക്ലീറ്റസ്, തറയില്‍ തളം കെട്ടിനിന്ന രക്തം തുടച്ചു വൃത്തിയാക്കുകയായിരുന്നു. തൊട്ടടുത്തായി ഏലിയാസ് കിടക്കുന്നതും കണ്ടു.
സംശയം തോന്നിയ അയല്‍വാസികള്‍ നേമം പൊലീസില്‍ വിവരം അറിയിച്ചു. ഏലിയാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വള്ളക്കടവിലെ മകളുടെ വീട്ടില്‍ താമസിച്ചിരുന്ന ഏലിയാസ് ഭാര്യയുടെ മരണശേഷമാണ് മകനുമായി കാരയ്ക്കാമണ്ഡപത്ത് താമസമായത്. ഹിലാരി, പുഷ്പ എന്നിവരാണ് മറ്റു മക്കള്‍.