ചെന്നൈ: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ പ്രേതഭീതിയെ തുടര്‍ന്ന് പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. 33കാരനായ പ്രഭാകരനെയാണ് പൊലീസ് ക്വാര്‍ട്ടേര്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലാക്കുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശിയാണ് ഇദ്ദേഹം.
ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഭാര്യ വിഷ്ണുപ്രിയയും കുട്ടികളും അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് പ്രഭാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
അയല്‍വാസികള്‍ ഗൂഡല്ലുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രഭാകരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഗൂഡല്ലൂര്‍ ന്യൂ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.
അടുത്തിടെ പൊലീസ് ക്വാര്‍ട്ടേര്‍സില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നുണ്ടെന്ന് സഹപ്രവര്‍ത്തകരോട് പ്രഭാകരന്‍ പറഞ്ഞതായി പറയുന്നു.
15 ദിവസത്തെ അവധിയില്‍ പ്രവേശിച്ച ഇദ്ദേഹം പൂജ മുറിയിലാണ് കഴിഞ്ഞിരുന്നത്. അസുഖ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രേതം തന്നെ പിന്തുടരുന്നുണ്ടെന്ന് ഇയാള്‍ ഭയപ്പെട്ടിരുന്നതായും ഇതാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നും പറയുന്നു. ജോലി ഭാരവും ആത്മഹത്യക്ക് കാരണമായതായി പൊലീസ് പറയുന്നു.