ചെന്നൈ: കൂടെ താമസിച്ചിരുന്ന യുവതിയെ ആക്രമിക്കുകയും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന പരാതിയില്‍ അറസ്റ്റിലായ മുന്‍ മിസ്റ്റര്‍ വേള്‍ഡ് ആര്‍ മണികണ്ഠനെ റിമാന്‍ഡ് ചെയ്തു. ചെന്നൈയില്‍ ടോണീസ് ഫിറ്റ് നസ് സെന്റര്‍ എന്ന പേരില്‍ ജിം നടത്തുന്ന കാട്ടുപാക്കം സ്വദേശിയായ ആര്‍ മണികണ്ഠന്‍ (29) ആണ് അറസ്റ്റിലായത്. 31 കാരിയായ യുവതിയാണ് പരാതിക്കാരി.
നാല് തവണ മിസ്റ്റര്‍ വേള്‍ഡ് ഫിറ്റ് നസ് കിരിടീവും രണ്ട് തവണ മിസ്റ്റര്‍ തമിഴ്‌നാട് കിരീടവും നേടിയ വ്യക്തിയാണ് മണികണ്ഠന്‍. സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസികല്‍ ട്രെയിനര്‍ കൂടിയായ മണികണ്ഠന്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങളാണ് മണികണ്ഠന്‍ അനുവാദമില്ലാതെ പകര്‍ത്തിയതെന്ന പരാതിയിലാണ് നടപടി.
2019ലാണ് മുപ്പതുകാരിയായ യുവതി ഡേറ്റിംഗ് ആപ്പിലൂടെ മണികഠനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഒരുവര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പിന്നീടാണ് വിള്ളലുകളുണ്ടായത്. മണികണ്ഠന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയെന്നും ഇത് താന്‍ കണ്ടെത്തിയെന്നും ഇതോടെയാണ് തങ്ങളുടെ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതെന്നുമാണ് യുവതിയുടെ പരാതി.
ദൃശ്യങ്ങളെടുക്കരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും മണികണ്ഠന്‍ തയാറായില്ലെന്ന് മാത്രമല്ല, സ്വകാര്യ നിമിഷങ്ങള്‍ റെകോര്‍ഡു ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ മണികണ്ഡന്റെ ഫോണില്‍ മറ്റ് സ്ത്രീകളുമായി അടുപ്പമുള്ള വീഡിയോകള്‍ കണ്ടുവെന്നും ഇത് ചോദ്യം ചെയ്തതോടെ അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് യുവതി തനിക്കെതിരെയുള്ള പീഡനങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു.
മണികണ്ഠന്‍ തന്നെ ഭീഷണിപ്പെടുത്തുകയും, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ് യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. യുവതിയുടെ പോസ്റ്റ് വൈറലായതോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നത്. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്ത ശേഷം മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളില്‍ നിന്ന് ഒരു ഐഫോണ്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.