പി.പി. ചെറിയാന്‍
ന്യുയോര്‍ക്ക്: ഗാബി പെറ്റിറ്റോ എന്ന യുവതിയുടെ (22) കൊലപാതകവുമായി ബന്ധപ്പെട്ടു പൊലിസ് അന്വേഷിച്ചിരുന്ന കാമുകന്‍ ബ്രയാന്‍ ലോണ്‍ട്രിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ബ്രയാന്റെ മരണം സ്വയം തലക്ക് നിറയൊഴിച്ചായിരുന്നുവെന്ന് ഓട്ടോപ്‌സി റിപ്പോര്‍ട്ട്. നവംബര്‍ 23 ചൊവ്വാഴ്ചയാണ് ബ്രയാന്‍ ലോണ്‍ട്രിയുടെ അറ്റോര്‍ണി ഇതു സംബന്ധിച്ചു സ്ഥിരീകരണം നല്‍കിയത്.
കാമുകന്‍ ബ്രയാനുമൊത്ത് അമേരിക്കന്‍ പര്യടനത്തിനു മിനിവാനില്‍ പുറപ്പെട്ട ഗാബി 2021 സെപ്റ്റംബറിലാണ് അപ്രത്യക്ഷയായത്. സെപ്റ്റംബര്‍ 19ന് ഇവരുടെ മൃതദേഹം വയോമിങ്ങില്‍ കണ്ടെത്തുകയായിരുന്നു.
ഗാബിയുടെ മരണം കൊലപാതകമാണെന്നും ഉത്തരവാദി കാമുകന്‍ ബ്രയാനാണെന്നും കണ്ടെത്തിയ പൊലിസ് ബ്രയാനെ പ്രതി ചേര്‍ത്ത് കേസ്സെടുത്തു. ഇതിനിടെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്‌ലോറിഡായില്‍ എത്തിച്ചേര്‍ന്ന ബ്രയാന്‍ പിന്നീട് അപ്രത്യക്ഷനാകുകയായിരുന്നു.
ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 20ന് ബ്രയാന്റേതെന്നു കരുതുന്ന മൃതദേഹം ഫ്‌ലോറിഡാ നോര്‍ത്ത് പാര്‍ക്കില്‍ നിന്നു കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ ഓട്ടോപ്‌സിയിലാണ് മരണകാരണം സ്വയം തലയ്ക്ക് വെടിവച്ചതാണെന്നു കണ്ടെത്തിയത്.
അമേരിക്കന്‍ പര്യടനത്തിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ബ്രയാന്‍ ഗാബിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലിസ് കേസ്സ്.