കൊച്ചി: മുന്‍ മിസ് കേരളയടക്കമുള്ളവര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ അറസ്റ്റിലായി. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബര കാര്‍ ഉടമ സൈജു തങ്കച്ചനാണ് അറസ്റ്റിലായത്. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നെന്ന കേസിലാണ് അറസ്റ്റ്.
ആറ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തിട്ടുണ്ട്. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കിയെന്ന വകുപ്പും വഞ്ചനയ്ക്കും ചേര്‍ത്തു സൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. ആദ്യ ചോദ്യം ചെയ്യലിനു ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇത് തീര്‍പ്പായതോടെ നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്‌റ്റേഷനിലെത്തിയത്.
അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പെടെ നാലംഗ സംഘം മടങ്ങിയപ്പോള്‍ സൈജുവും കാറില്‍ പിന്തുടരുകയായിരുന്നു.
കുണ്ടന്നൂര്‍ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. അതിന് ശേഷമാണ് ഇരു കാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.
പല തവണ ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. സൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്നു വിതരണം ചെയ്യുന്നതിനു ചുക്കാന്‍ പിടിക്കുന്നത് സൈജുവാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.