ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്തു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ 24 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവരസാങ്കേതികവിദ്യയില്‍ ബിരുദധാരിയായ താനെ സ്വദേശിനി ഫാത്തിമ ഖാന്‍ ആണ് അറസ്റ്റിലായത്. ഫാത്തിമ ഖാന്റെ നമ്പറില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.
യോഗി ആദിത്യനാഥിനെതിരെ മുംബൈ ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വധഭീഷണി ലഭിച്ചത്. കണ്‍ട്രോള്‍ റൂമിലെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. 10 ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് രാജിവച്ചില്ലെങ്കില്‍, ‘ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടും’ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്.
കഴിഞ്ഞ ആഴ്ച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് നിരവധി വധഭീഷണികളാണ് മുംബൈ പൊലീസിന് ലഭിച്ചത്. ഇതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയ്ക്കും വധഭീഷണി ലഭിച്ചിരുന്നു.